വെള്ളറട: മലയോര അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് പടർന്നു പിടിക്കുന്നു. ദിനം പ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. എന്നാൽ കാര്യമായ പരിശോധനകളോ പ്രതിരോധ പ്രവർത്തനങ്ങളോ നടക്കുന്നില്ല. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ആശുപത്രികളിൽ രോഗം ബാധിച്ച് എത്തുന്നവരുടെ നീണ്ട നിര തന്നെ കാണാം. സ്വകാര്യ ആശുപത്രികളാണ് രോഗികൾ ഏറെയും ചികിത്സ തേടിയെത്തുന്നത്. സർക്കാർ ആശുപത്രിയിൽ ഇപ്പോൾ രാത്രികാല ഒ.പി പോലും നിലച്ചിരിക്കുകയാണ്. ഇനി മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ.പി പ്രവർത്തിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുക മാത്രമേ രക്ഷയുള്ളു.