bennichan-thomas

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിനെ അനുവദിച്ചു കൊണ്ടുള്ള വിവാദ ഉത്തരവിറക്കിയത് കഴിഞ്ഞ സെപ്തംബർ 17ന് ചേർന്ന കേരള- തമിഴ്നാട് അന്തർസംസ്ഥാനതല സെക്രട്ടറിമാരുടെ യോഗത്തിലെ ധാരണ പ്രകാരമാണെന്ന് മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസ്. ചീഫ്സെക്രട്ടറി ഡോ.വി.പി.ജോയിയുടെ ഷോക്കോസ് നോട്ടീസിനുള്ള മറുപടിക്കത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാന സർക്കാരിന്റെ പല തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് മുല്ലപ്പെരിയാർ കേസിൽ കേരളതാല്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ താൻ ഉത്തരവിറക്കിയതെന്ന് രേഖകൾ സഹിതം ബെന്നിച്ചൻ തോമസ് വിശദീകരിക്കുന്നു. ഈ ഉത്തരവിന്റെ പേരിൽ മാത്രം മരംമുറി നടക്കില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി വേണം. 2019ൽ തമിഴ്നാട് ഇതിനായി സമർപ്പിച്ച അപേക്ഷ ഇപ്പോഴും പരിവേഷ് പോർട്ടലിലാണ്. സസ്പെൻഷനിലായപ്പോൾ തനിക്ക് മേൽ കുറ്റം ചാർത്തിയുള്ള ഷോക്കോസ് നോട്ടീസിനാണ് ബെന്നിച്ചൻ തോമസിന്റെ വിശദീകരണം. ബേബിഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയുള്ള ഉത്തരവ് ബെന്നിച്ചൻ തോമസ് ഇറക്കിയത് നവംബർ അഞ്ചിനാണ്. സംഗതി വിവാദമായതോടെ കുറ്റങ്ങളെല്ലാം അദ്ദേഹത്തിന് മേൽ ചാർത്തപ്പെടുകയും സസ്‌പെൻഷനിലാവുകയും ചെയ്തു. ഒരു മാസത്തിന് ശേഷം സസ്പെൻഷൻ പിൻവലിച്ചു.

 ബേബി ഡാമിന്റെ സംരക്ഷണത്തിന്

ബേബി ഡാമിന് തൊട്ടു കീഴെയായി മരങ്ങൾ വളരുന്നത് സുരക്ഷയെ ബാധിക്കുമെന്നും ബേബിഡാമിന് കീഴ്ഭാഗം എപ്പോഴും ഉണങ്ങിയിരിക്കണമെന്നും സെപ്തംബർ 15ന് ജലവിഭവവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ വകുപ്പിലെ എൻജിനിയർമാർ നിർദ്ദേശിച്ചു. ആ യോഗത്തിൽ വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യ വന്യജീവി വാർഡൻ, കോട്ടയം പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ എന്നിവരും പങ്കെടുത്തു.

പിന്നാലെ സെപ്റ്റംബർ 17ന് വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റ് രണ്ടാം അനക്സിലെ കോൺഫറൻസ് ഹാളിലാണ് അന്തർ സംസ്ഥാന സെക്രട്ടറിതല യോഗം നടന്നത്. ജലവിഭവ അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസായിരുന്നു അദ്ധ്യക്ഷൻ. വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ വന്യജീവി വാർഡനും പങ്കെടുത്തു. യോഗത്തിന്റെ മിനിറ്റ്സിൽ മുല്ലപ്പെരിയാറിനെ സംബന്ധിച്ച മൂന്നാമത്തെ പോയിന്റായി ഇങ്ങനെ രേഖപ്പെടുത്തി: " അവിടെ കണ്ടെത്തിയിരിക്കുന്ന 15 മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകുന്നതിന് നടപടിയെടുക്കുന്നതാണെന്ന് കേരള വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു."-

ബെന്നിച്ചൻ തോമസ് വെളിപ്പെടുത്തുന്നു.