
തിരുവനന്തപുരം: കൊവിഡ് ബാധിതനായി ശാരീരിക അസ്വസ്ഥതകളോടെ ഔദ്യോഗിക വസതിയിൽ കഴിയുന്ന മന്ത്രി ജി.ആർ.അനിലിനെ തിരിഞ്ഞുനോക്കാതെ ഡോക്ടർമാർ. മന്ത്രിമാരും വി.ഐ.പികളുമൊക്കെ രോഗബാധിതരായാൽ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിക്കുന്ന സംഘം അവരെ പരിശോധിച്ച് ആരോഗ്യനില ഉറപ്പാക്കേണ്ടതുണ്ട്. ഞായറാഴ്ച അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് മന്ത്രി ഡി.എം.ഒ ജോസ് ഡിക്രൂസിനെ അറിയിച്ചിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ച് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ പിന്നീട് ഡി.എം.ഒ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഒരു ഫോൺ വിളി പോലും ഉണ്ടായില്ല. മന്ത്രി മറ്റൊരു ഡോക്ടറെ ബന്ധപ്പെട്ട് ചികിത്സ തേടിയെന്നാണ് വിവരം.