തിരുവനന്തപുരം: കഠിനംകുളത്ത് മദ്യപസംഘം യുവാവിനെ തലയ്‌ക്കടിച്ച് പരിക്കേല്പിച്ചശേഷം വീടാക്രമിച്ചു. ശാന്തിപുരം സ്വദേശി ജയ്‌സണാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9ഓടെ ശാന്തിപുരത്താണ് സംഭവം.
സംഭവത്തിൽ ഗുണ്ടാലിസ്റ്റിലുള്ള പ്രശാന്ത് എന്നയാളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ബിയർ കുപ്പി കൊണ്ട് അടിയേറ്റ ജയ്‌സണെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്‌സണിന്റെ വീടിന്റെ ജനൽച്ചില്ലുകളും ആക്രമണത്തിൽ തകർന്നു.
മുമ്പ് വീടിന്റെ മുൻവശത്തെ റോഡിൽ പ്രശാന്ത് ഉൾപ്പെട്ട സംഘം മദ്യപിക്കുന്നത് ജയ്‌സൺ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പരാതി നൽകിയതിനാൽ മദ്യപസംഘത്തെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.