
തിരുവനന്തപുരം: പരിശീലക വേഷത്തിൽ ആദ്യമായി പൊലീസ് ഡോഗ് സ്ക്വാഡിൽ വനിതാ സാന്നിദ്ധ്യമറിയിച്ച എ.എസ്.ഐ വി.സി. ബിന്ദുവിന്റെ ട്രെയിനിംഗിൽ ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട 'മാഗി' എന്ന ട്രാക്കർ നായ മെരുങ്ങി. അഞ്ചുമാസത്തെ പരിശീലനത്തിനൊടുവിൽ മാഗി സ്ക്വാഡിലെ ചുറുചുറുക്കുള്ള അംഗമായി. അതിന്റെ ക്രെഡിറ്റ് മുഴുവൻ തൃശൂർ പൊലീസ് അക്കാഡമിയിലെ കെ.9 സ്ക്വാഡിലെ എ.എസ്.ഐ, ഇടുക്കി പണിക്കൻകുടി വേലിക്കകത്ത് ബിന്ദുവിനാണ്. രാജ്യത്ത് ആദ്യമായാണ് ഒരു വനിത, പൊലീസ് ഡോഗ് സ്ക്വാഡിൽ പരിശീലകയാകുന്നത്.
2001ൽ പൊലീസ് സേനാംഗമായ ബിന്ദു, ഇടുക്കി, വെള്ളത്തൂവൽ, അടിമാലി, മൂന്നാർ സ്റ്റേഷനുകളിൽ ജോലി ചെയ്തശേഷമാണ് പൊലീസ് അക്കാഡമിയിൽ ഡെപ്യൂട്ടേഷനിലെത്തുന്നത്. വളർത്തുമൃഗങ്ങളോടുള്ള സ്നേഹവും പൊലീസ് നായ്ക്കളെ പരിപാലിക്കണമെന്ന ആഗ്രഹവും കാരണം ആറുമാസംമുമ്പ് അതിനായി അപേക്ഷ നൽകി. ബിന്ദുവിന്റെ മൃഗസ്നേഹം ശ്രദ്ധയിൽപ്പെട്ട സ്ക്വാഡ് എസ്.ഐ രമേഷ് അത് അംഗീകരിച്ചതോടെ ഡോഗ് ഹാൻഡ്ലറായി ഔദ്യോഗിക വേഷം.
ആദ്യ ദൗത്യം മാഗി
രണ്ടുമാസം പ്രായമുണ്ടായിരുന്ന മാഗിയെ പരിശീലിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. ബിന്ദുവിന് മാഗിയെ ജീവനാണ്. സ്വന്തം മക്കളെപ്പോലെയാണ് പരിപാലിക്കുന്നത്. മാഗിയും അതേ സ്നേഹം തിരിച്ചുകൊടുക്കുന്നു. രാവിലെ ബിന്ദുവിന്റെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാലുടൻ കൂട്ടിൽകിടന്ന് ഒച്ചവയ്ക്കും. മാഗിക്ക് പരിശീലനം നൽകി ഭക്ഷണവും കൊടുത്താണ് ബിന്ദുവിന്റെ ഡ്യൂട്ടി കഴിഞ്ഞുള്ള മടക്കം. ഭർത്താവ്: വയനാട് ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകൻ ദാസൻ കല്ലറക്കണ്ടി. തൃശൂർ സെന്റ്തോമസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും വോളിബാൾ താരവുമായ ശ്രീദേവി ദാസ്, പ്ളസ് വൺ വിദ്യാർത്ഥി ശ്രീലക്ഷ്മിദാസ് എന്നിവരാണ് മക്കൾ.
'പരിശീലകയായുള്ള തന്റെ വരവ് ഡോഗ് സ്ക്വാഡിൽ ജോലിചെയ്യാൻ കൂടുതൽ വനിതാ പൊലീസുകാരെ സന്നദ്ധരാക്കുമെന്നാണ് വിശ്വാസം. ഓരോ ജോലിയ്ക്കും ഓരോ സ്വഭാവമാണെങ്കിലും 20 വർഷത്തെ തന്റെ സർവീസിൽ ആസ്വദിച്ച് ജോലി ചെയ്യുന്നത് ഇപ്പോഴാണ്".
- ബിന്ദു