bonakkad

വിതുര: ബോണക്കാട് മേഖലയിൽ കുളമ്പ് രോഗം വ്യാപിച്ചതോടെ തോട്ടം തൊഴിലാളികൾ പ്രതിസന്ധിയിലായി. ബോണക്കാട് എസ്റ്റേറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. തൊഴിലില്ലാതെ വന്നതോടെ അനവധി പേർ തോട്ടത്തിൽ നിന്ന് സ്വന്തം നാടായ തമിഴ്നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ഇരുനൂറോളം പേർ മാത്രമാണ് ബോണക്കാട് എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്നത്. ഇതിൽകുറച്ച് പേർ ജോലി തേടി വിതുരയിലേക്കും മറ്റും പോകും. നിത്യവൃത്തിക്കായി വകയില്ലാതെ ജീവിതം ദുരിതപൂർണമായപ്പോഴാണ് ശേഷിച്ച തൊഴിലാളികൾ കാലിവർളർത്തലിക്ക് തിരിഞ്ഞത്. എസ്റ്റേറ്റിൽ നൂറോളം പശുക്കളും പോത്തുകളുമുണ്ട്. ഇതിൽ ഭൂരിഭാഗം എണ്ണത്തിനും രോഗം ബാധിച്ചതായാണ് വിവരം. പശുക്കളെയും പോത്തുകളെയും രാവിലെ അഴിച്ച് ബോണക്കാട് വനമേഖലയിൽ വിടുകയാണ് പതിവ്. മികച്ച രീതിയിൽ പാൽ ലഭ്യമാകുന്നതിനാൽ തൊഴിലാളികൾ ഇതിലൂടെ ഉപജീവനമാർഗം കണ്ടെത്തുകയും അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലുമാണ് ഇടിത്തീയായി കുളമ്പ് രോഗം വ്യാപിച്ചത്. ഇതിനകം മൂന്ന് പശുക്കൾ ചത്തു. മിക്ക പശുക്കൾക്കും കാലിൽ വ്രണമുണ്ട്. നാൽപ്പതോളം പശുക്കൾക്ക് പ്രതിരോധകുത്തിവയ്പ് എടുത്തതായി പറയുന്നു. കുളമ്പ് രോഗം വ്യാപിച്ചതോടെ തൊഴിലാളികൾ ഭീതിയിലാണ്.

ഇടിത്തീയായി രോഗം

രോഗം പിടികൂടിയാൽ കന്നുകാലികൾക്ക് ചികിത്സ നൽകണമെങ്കിൽ ബോണക്കാട്ടു നിന്ന് ഇരുപത് കിലോമീറ്റർ ദൂരെ വിതുരയിൽ എത്തണം. കാലികളെ വാഹനത്തിൽ കൊണ്ടുവരണമെങ്കിൽ വാടക നല്ലതുകയാകും. ഇത് തൊഴിലാളികളെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടർമാരുടെ സേവനം ബോണക്കാട് മേഖലയിൽ സ്ഥിരമായി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മാത്രമല്ല എസ്റ്റേറ്റിലെ ഭൂരിഭാഗം ലയങ്ങളും ശോചനീയാവസ്ഥയിലാണ്. മഴയത്ത് ചോർന്നൊലിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങളിലാണ് കഴിയുന്നത്. ഇതിൽ കന്നുകാലികളെ വളർത്താനും ബുദ്ധിമുട്ടാണ്. തൊഴിലാളികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കൂടി അധികാരികൾ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഡോക്ടർമാർ സന്ദർശനം നടത്തി

ബോണക്കാട് എസ്റ്റേറ്റിലെ കാലികൾക്ക് കുളമ്പ് രോഗം പടർന്നതിനെ തുടർന്ന് മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസിൽ നിന്നുള്ള വിദഗ്ദ്ധസംഘം സന്ദശനം നടത്തി. പ്രതിരോധനടപടികൾ സ്വീകരിക്കുകയും ചെയ്തു. വെറ്ററിനറി സർജൻമാരായ ഡോ. ബീനബീവി, ഡോ. ബോബി. എ.മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോണക്കാട്ട് എത്തിയത്. ഇവർ എസ്റ്റേറ്റിലെ മുഴുവൻ കാലികളെയും പരിശോധനയ്ക്ക് വിധേയമാക്കി. ബി.എ ഡിവിഷനിലുള്ള 16 പശുക്കൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നടപടികൾ സ്വീകരിച്ചു

ബോണക്കാട് എസ്റ്റേറ്റ് മേഖലയിൽ പടരുന്ന കുളമ്പുരോഗം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,​ ബോണക്കാട് വാ‌ർഡ് മെമ്പർ വൽസല