photo

സർക്കാരിന്റെ കുപ്പിവെള്ളം കേരളകൗമുദി റിപ്പോർട്ടിനെത്തുടർന്ന് 13 രൂപയ്ക്ക് അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി സ്വീകരിക്കാൻ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തീരുമാനിച്ചത് തികച്ചും സ്വാഗതാർഹമാണ്. ഇത്തരം ജനപക്ഷത്തു നിന്നുള്ള നടപടികളാണ് സർക്കാരിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നത്. സർക്കാരിന്റെ കുപ്പിവെള്ള പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതിനെക്കുറിച്ചാണ് കോവളം സതീഷ്‌കുമാറിന്റെ പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതേത്തുടർന്നാണ് മന്ത്രി ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുകൂട്ടി കുപ്പിവെള്ളത്തിന്റെ ഉത്‌പാദനവും വിപണനവും വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയത്.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അരുവിക്കരയിലെ പ്ളാന്റിൽ 'ഹില്ലി അക്വാ"യുടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ ഉത്‌പാദനം ഉടനെ ആരംഭിക്കാനാണ് തീരുമാനം. ഇപ്പോൾ 20 ലിറ്റർ ക്യാനിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. അരുവിക്കരയിലെ പ്ളാന്റിലെത്തി മന്ത്രി ഉത്‌പാദനം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

വിപണിയാണ് ഒരു ഉത്‌പന്നത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. സർക്കാരിന് പല ഉത്‌പന്നങ്ങളുടെയും വിജയം ഉറപ്പാക്കാൻ കഴിയുന്ന വിപണി സ്വന്തമായിട്ടുണ്ട്. അത് പക്ഷേ കൂടുതലും പ്രയോജനപ്പെടുത്തുന്നത് സ്വകാര്യ മേഖലയിലുള്ളവരാണ്. സർക്കാർ ചടങ്ങുകളിലും ഓഫീസുകളിലും ഹില്ലി അക്വാ നിർബന്ധമാക്കി ഉത്തരവിടാനും ആലോചന നടക്കുന്നുണ്ട്. ഇത് സർക്കാർ വെള്ളത്തിന് മിനിമം വിപണി ഉറപ്പുവരുത്താം. ഇതോടൊപ്പം സ്വകാര്യ സംരംഭകരുടെ കുപ്പിവെള്ളത്തിന്റെ കെട്ടിനോടും മട്ടിനോടും കിടപിടിക്കുന്ന രീതിയിൽ ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമായി കുപ്പിവെള്ള ബോട്ടിൽ പുറത്തിറക്കുകയും വേണം. വേണ്ടത്ര പ്രചാരണവും പരസ്യവും നൽകണം. അങ്ങനെ വന്നാൽ ജനങ്ങൾ സർക്കാർ കുപ്പിവെള്ളം തുറന്ന മനസോടെ സ്വീകരിക്കും. കാരണം സർക്കാർ നൽകുന്ന കുപ്പിവെള്ളത്തിന് എന്തുകൊണ്ടും വിശ്വാസ്യത കൂടുതലായിരിക്കും. പല സർക്കാർ ഉത്‌പന്നങ്ങളും മാർക്കറ്റിലിറക്കുമ്പോൾ തുടക്കത്തിൽ കാണിക്കുന്ന ആവേശം പിന്നീട് കെട്ടുപോകുന്നതായാണ് കണ്ടുവരുന്നത്. പലപ്പോഴും നല്ലരീതിയിൽ കാര്യങ്ങൾ നടത്തുന്ന മേധാവിയെ മാറ്റാൻ വരെ ബാഹ്യസമ്മർദ്ദമുണ്ടാകും. ഈ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസുകാരുടെ നോമിനിയെ സർക്കാർ സംരംഭത്തിന്റെ തലപ്പത്തു കൊണ്ടുവരാൻ സമ്മർദ്ദം ഉണ്ടാകാം. കാരണം കോടികൾ കൈമറിയുന്നതാണ് കുടിവെള്ള ബിസിനസ്. കഴിഞ്ഞ കാലങ്ങളിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പറയാൻ കഴിയില്ല. സർക്കാരിന്റെ ഒരു സംരംഭത്തെ തകർക്കാൻ അതിന് നല്ലരീതിയിൽ നേതൃത്വം നൽകുന്ന പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയാൽ മാത്രം മതി. ലാഭത്തിലേക്ക് കുതിച്ചുയർന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ട്രേഡ് യൂണിയനുകളുടെയും മറ്റും സമ്മർദ്ദം കാരണം സമർത്ഥനായ മേധാവിയെ മാറ്റിയതിനുശേഷം കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ചരിത്രം കുറവല്ല. അതിനാൽ ഹില്ലി അക്വാ വിപണിയിൽ പച്ചപിടിച്ച് ഉറച്ചുനിൽക്കുന്നിടത്തോളം അതിന്റെ ടീമിനെ സംരക്ഷിക്കാൻ മന്ത്രിക്ക് ബാദ്ധ്യതയുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്തുണകൂടി ലഭിച്ചാൽ മാത്രമേ ആത്മവിശ്വാസത്തോടെ ഉദ്യോഗസ്ഥർക്ക് മുന്നോട്ടുപോകാൻ കഴിയൂ.

അരുവിക്കരയിൽ രണ്ട് ഷിഫ്‌റ്റുകളിലായി 57,600 ലിറ്റർ കുപ്പിവെള്ളം ഉത്‌പാദിപ്പിക്കാനാണ് തീരുമാനം. തൊടുപുഴയിലും ഇതേ അളവിൽ ഉത്‌പാദനം കൂട്ടും. ഇതിന് പുറമെ പുതിയ സ്ഥലങ്ങളിലും പ്ളാന്റുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. കാര്യക്ഷമമായി നടത്തിയാൽ ജനങ്ങൾക്ക് ഏറെ സ്വീകാര്യമായ ഒരു പദ്ധതിയായി കുപ്പിവെള്ളം വില്പന മാറാതിരിക്കില്ല.