hospt

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവ‌ർത്തകരിൽ പകുതിയിലേറെപ്പേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. ജീവനക്കാരുടെ കുറവ് കാരണം കൊവിഡ് ഒ.പിയിലും ജനറൽ ഒ.പിയിലുമെത്തുന്ന രോഗികളെ നിയന്ത്രിക്കാൻ കഴിയാതെ ആശുപത്രി അധികൃതരും. ആർ.എം.ഒ ഉൾപ്പെടെയുള്ള ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസംവരെ ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെ 57 പേരാണ് കൊവിഡ് ബാധിച്ച് അവധിയിലുളളത്. ഇവരിൽ ഏറെയും സ്റ്റാഫ് നഴ്‌സുമാരും ഗ്രേഡ് നഴ്‌സുമാരുമാണ്. ആകെ 97 നഴ്‌സുമാരുള്ള ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ഉൾപ്പെടെ പകുതിയോളം പേർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു. ഇതോടെ വാർഡുകളിലെ പ്രവർത്തനം മന്ദീഭവിച്ച മട്ടാണ്. കൊറോണ ഒ.പിയിൽ ദിനംപ്രതി 200ലധികം പേരാണ് എത്തുന്നത്. അതിന്റെ ഇരട്ടിയിലധികം പേരാണ് ജനറൽ ഒ.പി വിഭാഗത്തിലെത്തുന്നത്. ജീവനക്കാരുടെ കുറവും രോഗികളുടെ കൂടുതലുമാണ് ആശുപത്രിയെ വലയ്ക്കുന്നത്. അടിയന്തിര ചികിത്സ ആവശ്യമുളളവരെ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഇവിടെയെത്തുന്നവരെ വേണ്ടവിധം ക്രമീകരിച്ച് നിറുത്താനുള്ള സംവിധാനവും അവതാളത്തിലാണ്. സുരക്ഷാജീവനക്കാരടക്കമുളളവരുടെ കുറവും ആശുപത്രി പ്രവ‌ർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 40 കിടക്കകളുള്ള കൊറോണ വാർ‌ഡ് നിറഞ്ഞുകഴിഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുളളവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോൾ. കൊവിഡ് ചികിത്സയ്ക്കായി അടിയന്തര സൗകര്യങ്ങളൊരുക്കി ഒരു അധികവാർഡ് കൂടി സജ്ജീകരിക്കാനുളള നീക്കം നടത്തുന്നതായും ജീവനക്കാരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ബാധിച്ച് അവധിയിലായതിനാൽ നിലവിലെ ജീവനക്കാരെ വച്ച് അധികഡ്യൂട്ടി ചെയ്താണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതെന്നുമാണ് ആശുപത്രി വൃത്തങ്ങളുടെ വാദം. ജീവനക്കാർക്ക് ആവശ്യമായ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാധന സാമഗ്രികൾ വേണ്ടവിധം ലഭിക്കുന്നില്ലെന്നും ആശുപത്രിയിൽ നിരവധി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ശുചീകരണ പ്രവർത്തനങ്ങളടക്കമുള്ള പ്രതിരോധമാർഗ്ഗങ്ങൾ നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

സി.എഫ്.എൽ.ടി.സി തുറക്കണം
താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തിൽ നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവ‌ർത്തിച്ചിരുന്ന സി.എഫി.എൽ.ടി.കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായി. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം ഒഴിഞ്ഞുകൊടുക്കണമെന്ന സ്കൂളധികൃതരുടെ ഉത്തരവിനെ തുടർന്നാണ് 2 മാസം മുമ്പ് നഗരസഭ കേന്ദ്രം അടച്ചുപൂട്ടിയത്. ഒരു വർഷം കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്താണ് കൊവിഡ് രോഗികൾക്കായി ഡോക്ടർമാർ, നഴ്സ്, ആരോഗ്യപ്രവർത്തകർ, വോളന്റിയർമാർ തുടങ്ങി എല്ലാവിധ അനുബന്ധ ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കി നഗരസഭയുടെ നേതൃത്വത്തിൽ 40 കിടക്കകളുള്ള കേന്ദ്രം ഇവിടെ പ്രവർത്തനം ആരംഭിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗികളുടെ എണ്ണം അധികമാവുമ്പോഴാണ് പരിചരണം വേണ്ടുന്നവരെ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. സ്കൂളിലെത്തുന്ന വിദ്യാ‌‌ർത്ഥികളെ ബാധിക്കാത്ത തരത്തിൽ കേന്ദ്രത്തിന്റെ പ്രവ‌ർത്തനം നടത്താൻ കഴിയുമായിരുന്നെങ്കിലും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം മാറ്റാൻ നഗരസഭ നി‌ർബന്ധിതമായത്.

കൊവിഡ് രോഗികൾക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വാർഡുകളും വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഡി.സി.സി പ്രവർത്തിച്ചിരുന്ന കേന്ദ്രവും ഏറ്റെടുക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. സി.എഫി.എൽ.ടി.സി അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ ആവശ്യം.