
തിരുവനന്തപുരം: ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടു. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ, 1999 ൽ നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുണ്ടായ അടിയന്തര സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്പാൽ സംവിധാനത്തിലുൾപ്പെടെ അഴിമതിക്കെതിരായ നിയമങ്ങൾക്ക് മൂർച്ച കൂട്ടണമെന്ന് വാദിച്ചിരുന്ന സി.പി.എമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. പൊതുപ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരമാണ് സർക്കാർ കവർന്നെടുക്കുന്നത് .മുഖ്യമന്ത്രിക്കും ,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ നിലവിലുള്ള കേസുകളിൽ ലോകായുക്തയുടെ ഉത്തരവുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ധൃതി പിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതി നിരോധന നിയമത്തിന്റെ കഴുത്ത് ഞെരിക്കുന്നു: ഹസൻ
ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് അഴിമതി നിരോധന നിയമത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കേസുകൾ തെളിഞ്ഞാൽ പൊതുപ്രവർത്തകരെ അധികാര സ്ഥാനങ്ങളിൽ നിന്നും അയോഗ്യരാക്കി വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്ന ഓർഡിനൻസ് നിയമവിരുദ്ധവും നിയമത്തിന്റെ അന്തസത്തയ്ക്ക് ചേരാത്തതുമാണ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുത്. അഴിമതിക്കേസുകളിൽ ശിക്ഷ വിധിക്കാനും ,അത് നടപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനും നിശ്ചിയിച്ചുള്ള ലോകായുക്തയുടെ സവിശേഷ അധികാരംതകിടം മറിക്കുന്ന ഭേദഗതിയാണ് ഓർഡിനൻസിലുള്ളതെന്നും ഹസ്സൻ പറഞ്ഞു..
ഓർഡിനൻസ് രാജി ഭയന്ന്: പി.കെ. കൃഷ്ണദാസ്
ഓർഡിനൻസ് കൊണ്ടുവന്ന് ലോകയുക്തയുടെ ചിറകരിയാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കേണ്ടിവരുമോയെന്ന് ഭയന്നിട്ടാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു.
പ്രളയഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിയും കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രി ഡോ.ആർ ബിന്ദുവും ലോകയുക്തയ്ക്ക് മുന്നിൽ ഉത്തരം പറയേണ്ടിവരും. ഇതിനു മുമ്പ് ലോകയുക്തയെ നിശബ്ദമാക്കാനാണ് നീക്കം. കെ.ടി ജലീലിന്റെ രാജിയുടെ പ്രതികാരവും ഇതിന് പിന്നിലുണ്ട്. . അടുത്ത നാലുവർഷത്തേക്കുള്ള അഴിമതിക്കായി നിയമനിർമ്മാണം നടത്താനാണ് ഓർഡിനൻസിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ.റെയിൽ അതിവേഗ അഴിമതി പാതയാണ് സി.പി.എമ്മിന്. യോകയുക്തയെ പൂട്ടി അഴിമതിക്ക് കുടപിടിക്കാനാണ് ശ്രമം. .ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ബി.ജെ.പി ആവശ്യപ്പെടുമെന്നും കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.