photo

സമീപത്തുള്ള നല്ല കാഴ്ചകൾ പലപ്പോഴും സഞ്ചാരപ്രിയർ ശ്രദ്ധിക്കാറില്ല. ഇത് മനസിലാക്കിയാണ് ആഭ്യന്തരടൂറിസം വൈവിദ്ധ്യവത്‌കരിക്കാനും നാടൻ വിനോദസഞ്ചരികളെ ആകർഷിക്കാനുമുള്ള പദ്ധതികളുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ടുവരുന്നത്. കൊവിഡ് സകല മേഖലകളെയും തളർത്തിയപ്പോഴും കഴിഞ്ഞവർഷം ആഭ്യന്തര ടൂറിസത്തിൽ കേരളം സ്തുത്യർഹമായ വളർച്ചനേടി. മുൻ വർഷത്തെക്കാൾ ഏതാണ്ട് പതിനാല് ശതമാനം വളർച്ച. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2021 ജനുവരി മുതൽ സെപ്തംബർ വരെ 45.20 ലക്ഷം വിനോദസഞ്ചാരികൾ സംസ്ഥാനത്തെത്തിയെന്നാണ് കണക്ക്. ഇതിനു തലേവർഷം കൊവിഡിൽ വിനോദസഞ്ചാരമേഖല തളർന്നിരുന്നു. എന്നാൽ 2021-ൽ മേഖല ഉയിർത്തെഴുന്നേറ്റു. ഇടയ്ക്കിടെ കൊവിഡ് തലപൊക്കിയത് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. ഇതിൽനിന്നു കരകയറാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്.

ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒട്ടേറെ നവീനപദ്ധതികൾ ആവിഷ്കരിക്കുകയാണ്. വിദേശസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കേന്ദ്രസർക്കാർ സൗജന്യവിസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് മൂർച്ഛിക്കാതിരുന്നെങ്കിൽ ലക്ഷക്കണക്കിനു വിദേശികൾ സൗജന്യ വിസ പ്രയോജനപ്പെടുത്താമായിരുന്നു. കൊവിഡ് ഒതുങ്ങുന്നതോടെ നടപ്പാക്കാനുദ്ദേശിച്ച് പുതിയ ടൂറിസം നയത്തിനു രൂപം നൽകിക്കഴിഞ്ഞു.

വിനോദസഞ്ചാര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളവും തനതു പദ്ധതികൾക്കു രൂപം നൽകിക്കഴിഞ്ഞു. കാരവൻ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഫാം ടൂറിസം, സ്ട്രീറ്റ് ടൂറിസം തുടങ്ങിയവ പുതിയ പരിപാടികളാണ്. വിനോദസഞ്ചാരികളെ തീരെ നിരാശപ്പെടുത്താത്ത എല്ലാവിധ പ്രകൃതിസൗഭാഗ്യങ്ങളുമുള്ള നാടാണ് നമ്മുടേത്. നാടിനെ അറിയുന്നതിനൊപ്പം നാട്ടാരെയും അവരുടെ ജീവിതരീതികളും രുചിഭേദങ്ങളുമൊക്കെ അറിയാൻ ഏതൊരു സഞ്ചാരിക്കും കൗതുകമുണ്ടാകും. പുതിയ പദ്ധതികൾ ഈ സാദ്ധ്യതകൾ കണക്കിലെടുത്തുള്ളതാണ്.

കാരവൻ ടൂറിസം പദ്ധതിക്ക് സംരംഭകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇരുനൂറോളം കാരവനുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പുറത്തു നിന്നെത്തുന്നവർക്ക് ഉൾനാടൻ ഗ്രാമങ്ങളിലെ കാർഷികജീവിതം നേരിൽ കാണാനുള്ള അവസരമാണ് ഫാം ടൂറിസം.

അപാര വികസന സാദ്ധ്യതകളുള്ള മറ്റൊരു മേഖലയാണ് വാട്ടർ ടൂറിസം. ജലസമൃദ്ധി ഇത്രയധികമുള്ള നാടുകൾ രാജ്യത്ത് അധികമില്ല. ആലപ്പുഴയിലും കൊല്ലത്തും നല്ല വേരോട്ടമുണ്ടെങ്കിലും മറ്റിടങ്ങളിൽ വാട്ടർടൂറിസം കാര്യമായി പുരോഗമിച്ചിട്ടില്ല. ഇത്രയേറെ നദികളും പുഴകളും കായലുകളുമുള്ള സംസ്ഥാനത്ത് ജലകേളികൾക്കും ജലയാനങ്ങൾക്കും വൻ സാദ്ധ്യതകളാണുള്ളത്. കോവളം - കോട്ടപ്പുറം ദേശീയ ജലപാത പൂർത്തിയാകാൻ കാത്തുനിൽക്കാതെ ഗതാഗതയോഗ്യമായ റീച്ചുകളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾ കൊണ്ടുവരാവുന്നതേയുള്ളൂ. ആലപ്പുഴയിലെയും കൊല്ലത്തെയും ഹൗസ് ബോട്ടുകൾ നല്ലനിലയിൽ മാർക്കറ്റ് ചെയ്യാൻ കഴിയുമെങ്കിൽ ദേശീയ ജലപാത ഏറ്റവും മികച്ച വരുമാന സ്രോതസാക്കാൻ ഒരു പ്രയാസവുമില്ല. പുതിയ പദ്ധതികളുടെ കൂട്ടത്തിൽ ഇക്കാര്യം പരാമർശിച്ചു കാണാത്തതുകൊണ്ടാണ് ഇത് പറയുന്നത്. പുതിയ പദ്ധതികൾ എങ്ങനെ കാര്യക്ഷമമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാകും വിജയം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് പരമപ്രധാനമാണ്. സഞ്ചാരയോഗ്യമായ റോഡുകൾ, വിശ്രമത്തിനും താമസത്തിനുമുള്ള ഇടങ്ങൾ, വിവരങ്ങൾ അനായാസം ലഭിക്കാനുള്ള സംവിധാനങ്ങൾ, എല്ലാറ്റിനുമുപരി സുരക്ഷിതത്വം ഇതൊക്കെ അത്യന്താപേക്ഷിതമാണ്.

ആതിഥേയരെന്ന നിലയിൽ മലയാളികളെക്കുറിച്ച് പുറത്തുനിന്നെത്തുന്നവർക്ക് മതിപ്പേയുള്ളൂ. ആ നല്ല പാരമ്പര്യമാണ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്. നടപ്പുവർഷം 50,000 കോടി രൂപയുടെ വരുമാനമാണ് ടൂറിസത്തിൽ ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിയായെങ്കിലും ഏറ്റവുമധികം വരുമാനം നേടിത്തരുന്ന മേഖലയെന്ന നിലയിൽ ടൂറിസത്തെ നെഞ്ചോടുചേർത്തുവയ്ക്കാൻ കഴിയണം.