
തിരുവനന്തപുരം:പ്രമേഹ രോഗികളിലുണ്ടാകുന്ന അന്ധത കാരണം വിഷമിക്കുന്നവർക്ക് പ്രതീക്ഷയുടെ നുറുങ്ങുവെട്ടം പകരുകയാണ് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി. ഇവിടത്തെ ശാലാക്യ (ഇ.എൻ.ടി ) വിഭാഗമാണ് പാരമ്പര്യ ചികിത്സ നടത്തി അന്ധതയ്ക്ക് പരിഹാരമുണ്ടാക്കുന്നത്.
മറ്റു പല വൈദ്യശാസ്ത്ര ശാഖകളിലും ചികിത്സയില്ലാത്ത ഡയബറ്റിക് റെറ്റിനോപ്പതിക്ക് പാരമ്പര്യ ആയുർവേദ മരുന്നുകളിലൂടെ ഭാഗിക പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം,പ്രസന്നകുമാർ,മുഹമ്മദ് ഹസൻ എന്നിവർക്ക് പൂർണ്ണ അന്ധതയിൽ നിന്ന് ഭാഗികമായ കാഴ്ചയിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. എ.സുനിൽകുമാർ പറയുന്നു. പ്രമേഹംമൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകൾക്കുമുണ്ടാകുന്ന വൈകല്യമായ ഡയബറ്റിക് റെറ്റിനോപ്പതി ഭേദമാകുന്നത് അപൂർവമാണ്. നേർത്ത അവ്യക്തത മുതൽ പൂർണ അന്ധതവരെ സംഭവിക്കാം. റെറ്റിനോപ്പതിയുടെ ഭാഗമായി ഗ്ലൈക്കോമയും ഉണ്ടാകാറുണ്ട്.