
തിരുവനന്തപുരം: ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരായ പരാതികളിൽ അവർക്ക് അപ്പീലിന് പോലും അനുമതിയില്ലാത്തവിധം പുറത്താക്കാൻ ലോകായുക്തയ്ക്ക് അനുവാദം നൽകുന്ന വ്യവസ്ഥ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായതിനാലാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 13ന് അന്നത്തെ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് നൽകിയ നിയമോപദേശപ്രകാരമാണ് ഭേദഗതി. കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ലോകായുക്തയ്ക്ക് ഇത്രയും അധികാരങ്ങളില്ല. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രി ആർ. ബിന്ദുവിനെതിരെ പരാതി നൽകിയത് കഴിഞ്ഞ നവംബർ 21ന് ശേഷമാണ്. ആരെങ്കിലും പരാതിയെഴുതിക്കൊടുത്താൽ സർക്കാരിനെ തന്നെ ഇല്ലാതാക്കാനുള്ള അധികാരമാണിപ്പോൾ ലോകായുക്തയ്ക്ക്. ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നാണ് അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. എ.ജി നിയമോപദേശം നൽകിയ ഏപ്രിൽ 13നാണ് മന്ത്രിയായിരുന്ന കെ.ടി. ജലീലിന് രാജി വയ്ക്കേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അതൊന്നും ഇവിടെ നോക്കിയിട്ടില്ലെന്നായിരുന്നു മറുപടി.
1998ൽ ലോകായുക്ത നിയമം കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണ്. അതിന് ശേഷമാണ് കേന്ദ്രത്തിൽ ലോക്‌പാൽ നിയമം വന്നത്. കർണാടക, രാജസ്ഥാൻ, ബിഹാർ, ഒഡിഷ, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലൊന്നും ഭരണത്തിലിരിക്കുന്നവരെ പുറത്താക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ 2013ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് എം.എൽ.എമാരെയും മന്ത്രിമാരെയും പുറത്താക്കണമെങ്കിൽ നിയമസഭയിലെ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം.
ലോകായുക്ത പരിഗണിക്കുന്ന പല വിഷയങ്ങളുമുണ്ടാകും. അവരുടെ മുന്നിലുള്ള കേസുകൾ നോക്കിയിട്ടല്ല സർക്കാർ തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ എതിരെ പരാതി കൊടുക്കുന്നതിനെയൊന്നും ഇവിടെയാരും തടഞ്ഞിട്ടില്ല. ഏതെങ്കിലും സർക്കാർ ഓർഡിനൻസ് ഇറക്കുമ്പോൾ പ്രതിപക്ഷനേതാവിനോട് ആലോചിച്ചിട്ടുണ്ടോ? ലോകായുക്തയെ നിയമിക്കുമ്പോഴാണ് ആലോചിക്കേണ്ടത്. എൽ.ഡി.എഫിൽ ചർച്ച ചെയ്തില്ലെന്ന അഭിപ്രായത്തിൽ കഴമ്പില്ല. മന്ത്രിസഭയാണ് തീരുമാനമെടുത്തത്. അവിടെ എല്ലാ കക്ഷികളുടെയും പ്രതിനിധികളുണ്ടെന്നും കോടിയേരി പറഞ്ഞു.