
തിരുവനന്തപുരം:എൻ.എഫ്.എസ്.എ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുകളുമായി ലിങ്ക് ചെയ്യുന്നതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്കിലെ വിവിധ റേഷൻ കടകളിൽ പരിശോധന നടത്തി.ആധാർ ലിങ്കിംഗിൽ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പരിശോധനയിൽ 230ാം നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് എ.എ.വൈ കാർഡുകളിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച് അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി.ഒരു അംഗവും രണ്ട് അംഗങ്ങളും മാത്രുള്ള എൻ.എഫ്.എസ്.എ റേഷൻ കാർഡുകളുടെ ആധാർ ലിങ്കിംഗ് ഫെബ്രുവരി 15നകം പൂർത്തിയാക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.