kk

വർക്കല: മണ്ണ്, ജലം സംരക്ഷണം ലക്ഷ്യമിട്ട് നീർത്തടാധിഷ്ഠിത പദ്ധതിയുമായി ഇടവ ഗ്രാമപ്പഞ്ചായത്ത് രംഗത്തെത്തി. പൊതുസ്ഥലത്തെയും സ്വകാര്യഭൂമിയിലെയും ജലം, മണ്ണ് എന്നിവയുടെ സംരക്ഷണം, കാർഷികോത്‌പാദനം, തരിശുഭൂമി കൃഷിക്കനുയോജ്യമാക്കൽ എന്നിവ മുന്നിൽ കണ്ടാണ് `ജലസമൃദ്ധി നീരുറവ് ` എന്ന പേരിലുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് എ. ബാലിക്ക് അറിയിച്ചു. നെൽകൃഷി വികസനവും ഇടവിള, തെങ്ങ് കൃഷികളിൽ സ്വയംപര്യാപ്തതയും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്.
ഇടവ, പുല്ലാന്നികോട് എന്നീ നീർത്തടങ്ങളെ സംയോജിപ്പിച്ച് ഈ നീർത്തടാധിഷ്ഠിത പ്രദേശത്തെ 914 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു നീർത്തടങ്ങളെയും ആറ് സെക്ടറുകളാക്കി തിരിക്കും.
പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായുള്ള വർക്ക് പ്ലാൻ യോഗം ചർച്ച ചെയ്ത് തയ്യാറാക്കി. 31ന് സർവേ പൂർത്തീകരിക്കും.ഫെബ്രുവരി 15ന് മുമ്പ് ചെറുനീർത്തട കമ്മിറ്റികൾക്ക് ജനകീയമായി രൂപംനൽകും. 15ന് പഞ്ചായത്തുതല നീർത്തട കമ്മിറ്റിക്ക് രൂപം നൽകുകയും അന്നുതന്നെ കരട് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും.
വിശദ പദ്ധതിരേഖ ഫെബ്രുവരി അവസാനത്തോടെ തയാറാക്കും. പഞ്ചായത്തുതല പ്ലാനിംഗ് സമിതി ചെയർമാൻ ജെ. ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുതല ഉദ്യോഗസ്ഥരും ഇറിഗേഷൻ, കൃഷി, തൊഴിലുറപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തുതല പ്ലാനിംഗ് സമിതിയംഗങ്ങളും പങ്കെടുത്തു.

`ജലസമൃദ്ധി നീരുറവ് ` പദ്ധതി

പൊതുഭൂമിയിലെ നീർച്ചാലുകളെ ഉൾപ്പെടുത്തി ഹരിതകേരള മിഷൻ തയാറാക്കിയ പദ്ധതിയിൽ സ്വകാര്യഭൂമിയിലെ നീർച്ചാലുകളെയും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി തയാറാക്കുന്നത്. വാർഡുതലത്തിൽ ചെറുനീർത്തടങ്ങളെയും തോടുകളെയും കണ്ടെത്തി മൈക്രോ പ്രോജക്ടുകളും ലക്ഷ്യമിടുന്നുണ്ട്. 16 തോടുകളും സ്വകാര്യ- പൊതു കുളങ്ങളും കായലും അനുബന്ധമാക്കിയാണ് പദ്ധതിനടപ്പാക്കുന്നത്.

വിവിധ മേഖലകളിലെ വിദഗ്ധരെയും പരിചയസമ്പന്നരെയും ഉദ്യോഗസ്ഥരെയും കർഷകരെയും ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയ സംഘടനാ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തമുണ്ടാകും. ഇതിനായി യൂത്ത് ബ്രിഗേഡ് രൂപവത്കരിക്കും.