
 അടച്ചിടലിൽ കോടികളുടെ നഷ്‌ടം  പ്രതിഷേധവുമായി പ്രേക്ഷകരും
തിരുവനന്തപുരം: കൊവിഡ് നൽകിയ നഷ്ടക്കണക്കിൽ നിന്ന് തിരിച്ചുകയറുന്നതിനിടെ ജില്ലയിലെ തിയേറ്ററുകൾക്കുള്ള സർക്കാർ നിയന്ത്രണം വീണ്ടും തിരിച്ചടിയായി. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഹൃദയമാണ് തലസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്.
'ഹൃദയം' റിലീസ് ചെയ്‌ത് നാലാം ദിവസം തിയേറ്ററുകൾ അടച്ചിടേണ്ടിവന്നതിന്റെ ആഘാതത്തിലാണ് ഉടമകളും തൊഴിലാളികളും. 43 വർഷങ്ങൾക്ക് ശേഷം മെരിലാൻഡിന്റെ ബാനറിൽ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
വെള്ളിയാഴ്‌ച ചിത്രം റിലീസ് ചെയ്യുമ്പോൾ ജില്ലയെ ബി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിലും തിങ്കളാഴ്‌ച വൈകിട്ടോടെ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു.
വരുമാനം കിട്ടിയത് 3 മാസം
രണ്ട് ലോക്ക്‌ഡൗണുകൾക്കിടെ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചത് ആകെ 8 മാസമാണ്. ഇതിൽ മികച്ച വരുമാനം ലഭിച്ചത് കഴിഞ്ഞ മൂന്നുമാസം മാത്രമാണ്. കുറുപ്പ്, മരയ്‌ക്കാർ,പുഷ്‌പ,സ്‌പൈഡർമാൻ തുടങ്ങി ചിത്രങ്ങളാണ് തിയേറ്ററുകൾക്ക് ലാഭം നേടിക്കൊടുത്തത്. ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്താണ് പല തിയേറ്ററുകളും പ്രവർത്തിക്കുന്നത്. പ്രദർശനമില്ലാതെയുള്ള വായ്‌പ തിരിച്ചടവ് വൻ പ്രതിസന്ധിയാണെന്ന് ശ്രീപദ്‌മനാഭ, ദേവിപ്രിയ തിയേറ്ററുകളുടെ ഉടമ ഗിരീഷ് ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. നഗരത്തിൽ ഏരീസ് പ്ലക്‌സും ന്യൂ എന്നിവയൊഴിച്ച് ബാക്കിയെല്ലാ തിയേറ്ററുകളിലും സീറ്റിംഗ് കപ്പാസിറ്റി 600ൽ താഴെയാണ്. അതിൽ തന്നെ 50 ശതമാനം മാത്രമേ പ്രേക്ഷകരെ അനുവദിക്കുകയുള്ളൂ. തിയേറ്ററുകളിൽ ഒരു ദിവസമെത്തുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂറിൽ ബാറുകളിലും മാളുകളിലുമെത്തുന്നുണ്ടെന്ന് ഉടമകൾ പറയുന്നു.
കോടികളുടെ നഷ്‌ടം
ജില്ലയിലെ 30ലധികം സ്‌ക്രീനുകളിലാണ് ഹൃദയം റിലീസ് ചെയ്‌തത്. തിയേറ്ററുകൾ അടച്ചിട്ടതോടെ കളക്ഷന്റെ 25 ശതമാനത്തോളമാണ് നിർമ്മാതാവിന് നഷ്‌ടം സംഭവിക്കുന്നത്. തിയേറ്റർ വ്യവസായം നിലനിൽക്കാൻ വേണ്ടിയാണ് ഒ.ടി.ടിക്ക് കൊടുക്കാതെ ഹൃദയം തിയേറ്ററുകളിൽ റിലീസ് ചെയ്‌തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കേരളകൗമുദിയോട് പറഞ്ഞു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന തിയേറ്ററുകൾ അടച്ചിടാൻ പറഞ്ഞതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകരുടെ പ്രതിഷേധം
' ബുക്ക് മൈ ഷോ ' വഴി ടിക്കറ്റ് ബുക്ക് ചെയ്‌തവർക്കെല്ലാം പണം തിരിച്ചുനൽകിയെങ്കിലും 'ഹൃദയം' പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയ്‌ക്ക് ന്യൂ തിയേറ്ററിന് മുന്നിലും ആറ്റിങ്ങലിലെ തിയേറ്ററുകളിലും പ്രതിഷേധമുണ്ടായി.
മറുപടി തേടി കോടതി
തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തി. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നിയന്ത്രണമെന്നാണ് സർക്കാർ വാദം. തിയേറ്ററുകളെ ബലിയാടാക്കി സർക്കാർ ആരെയോ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.