തിരുവനന്തപുരം: എറണാകുളം ജില്ലയിൽ സ്വകാര്യ ലോജിസ്റ്റിക്‌സ് പാർക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ജീകോം ഗ്രൂപ്പ്. വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലാണ് ജീകോം ലോജിസ്ടെക്ക് പദ്ധതി വിശദീകരിച്ചത്. 500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. പാർക്കിനായി ജീകോം ഗ്രൂപ്പ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സംരംഭവുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും മന്ത്രി വാഗ്‌ദാനം ചെയ്‌തു. ആദ്യഘട്ടത്തിൽ 500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പാർക്ക് ആറ് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ചുരുങ്ങിയത് രണ്ടായിരം പേർക്ക് തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ജീകോം ചെയർമാൻ മോഹൻകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.