kt-jaleel

തിരുവനന്തപുരം: അഴിമതിക്കേസ് തെളിയിക്കപ്പെടുന്ന പൊതുപ്രവർത്തകരെ അധികാര സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന വ്യവസ്ഥയിൽ വെള്ളം ചേർത്തുള്ള നിയമഭേദഗതിക്ക് ഇടതു സർക്കാരിനെ പ്രേരിപ്പിച്ചത് മന്ത്രിസ്ഥാനത്ത് നിന്നുള്ള കെ.ടി. ജലീലിന്റെ രാജി. കഴിഞ്ഞ ഏപ്രിലിൽ രാജി വച്ച ജലീൽ സുപ്രീംകോടതി വരെ പോയിട്ടും ലോകായുക്ത നിയമ വ്യവസ്ഥയിൽ തട്ടി വിധി പ്രതികൂലമായി.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ലോകായുക്തയ്ക്ക് ഇത്രയും ശക്തമായ അധികാരങ്ങളില്ലെന്നതും, ലോകായുക്തയ്ക്ക് ഉപദേശക റോൾ മാത്രമേയുള്ളൂവെന്ന് ഹൈക്കോടതി രണ്ട് തവണ നിരീക്ഷിച്ചതും സർക്കാരിന് പ്രചോദനമായി. സുധാദേവിയും ,സംസ്ഥാന സഹകരണ ബാങ്കും ‌ലോകായുക്തയും തമ്മിലുള്ള കേസുകളിലാണ് 2016ലും 2019ലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണങ്ങളുണ്ടായത്. ഇത് കൂടി കണക്കിലെടുത്താണ് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയത്. ലോകായുക്തയ്ക്ക് മുന്നിൽ വീണ്ടും മന്ത്രിസഭാംഗങ്ങൾക്കെതിരായ കേസുകളെത്തിയ സാഹചര്യത്തിൽ, നിയമഭേദഗതി അനിവാര്യമായി.

 ഇടതുമുന്നണി പ്രതിരോധത്തിൽ

ഇടതുപാർട്ടികളുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് കേരളത്തിലെ സി.പി.എം സർക്കാർ വരുത്തിയ നിയമഭേദഗതിയെന്ന വിമർശനം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. ലോക്പാൽ നിയമത്തിന്റെ പരിധിയിൽ പ്രധാനമന്ത്രിയെ വരെ കൊണ്ടുവരണമെന്നതാണ് ഇടതുപാർട്ടികളുടെ നിലപാട്. വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങൾ ശക്തമാക്കണമെന്നും പൊതുപ്രവർത്തകർ ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയമാകണമെന്നുമാവശ്യപ്പെടുന്ന പ്രമേയം സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ചത് 2011ൽ ടുജി സ്പെക്ട്രം വിവാദത്തിനിടെയാണ് . ഇടതുമുന്നണിയിൽപ്പോലും ചർച്ച ചെയ്യാതെ നിയമ ഭേദഗതിക്ക് മന്ത്രിസഭ തീരുമാനിച്ചത് മുന്നണിക്കകത്തും മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.

 സി.പി.ഐയിലും ആശയക്കുഴപ്പം

സി.പി.എം- സി.പി.ഐ സെക്രട്ടറിമാർ തമ്മിലെ ഉഭയകക്ഷി ചർച്ചയിലും വിഷയം ഉയർന്നു വന്നില്ല. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം ഓൺലൈനായി ചേർന്നാണ് ഓർഡിനൻസ് അംഗീകരിച്ചത്. മന്ത്രിമാരിൽ പലർക്കും വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിയാനായില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ വരുത്തിയ ക്രമീകരണമായും ഭരണഘടനാപ്രശ്നം മറികടക്കാനെന്ന നിലയിലുമാണ് വിഷയം അംഗീകരിച്ചത്. സി.പി.ഐ നേതൃത്വം പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും ,മതിയായ ചർച്ചയുണ്ടാവാത്തതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

അതേസമയം, പ്രതിപക്ഷത്തിന് ഇത് സർക്കാരിനെതിരായ ശക്തമായ രാഷ്ട്രീയായുധമാണ്. മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ കേസുകൾ ലോകായുക്തയ്‌ക്ക് മുന്നിലെത്തിയിരിക്കെ, സർക്കാർ എന്തോ ഭയക്കുന്നുവെന്ന പ്രതീതി ഉയർത്താൻ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് സാധിച്ചു. ഓർഡിനൻസിൽ

ഒപ്പിടരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘം നാളെ ഗവർണറെ കാണുന്നുണ്ട്.