
തിരുവനന്തപുരം: ഇ പോസ് മെഷീൻ സെർവർ പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. നാളെ മുതൽ റേഷൻ കടകൾ രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പഴയതുപോലെ പ്രവർത്തിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന യോഗത്തിനുശേഷം മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കുറച്ചുനാളായി പകുതി ജില്ലകളിൽ വീതം പ്രവർത്തന സമയം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരുതരത്തിലും ബാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഇന്നലെ വരെ 50,62,323 പേർ (55.13 ശതമാനം) റേഷൻ വാങ്ങി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേരും വാങ്ങി. അതേസമയം, ഇ പോസ് മെഷീൻ ഇപ്പോഴും ഇടയ്ക്കിടെ പണിമുടക്കുന്നുവെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ ചില കടകളിൽ ഇന്നലെയും മെഷീൻ മന്ദഗതിയിലാണ് പ്രവർത്തിച്ചത്.