വിഴിഞ്ഞം: സ്വർണത്തിന് പകരം ഇരുമ്പ് നട്ടും ബോൾട്ടും നൽകി 18 ലക്ഷം രൂപ തട്ടിയ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ മുൻ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു.

വിഴിഞ്ഞം ജംഗ്ഷനു സമീപത്തെ സ്വകാര്യ സ്വർണപ്പണയ സ്ഥാപന ഉടമയുടെ പരാതിയെ തുടർന്നാണ് നടപടി. രണ്ടുവർഷമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരികയാണെന്നാണ് പരാതിയിലുള്ളത്. ഈ സ്ഥാപനത്തിൽ നിന്ന് വിരമിച്ച ഇയാൾക്ക് വീണ്ടും മാനേജരായി ജോലി നൽകിയ ശേഷമാണ് പണം തട്ടിയത്.

ചില സാധനങ്ങൾക്ക് തൂക്കം കൂടുതലുള്ളതാണെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നട്ടും ബോൾട്ടുമടക്കമുള്ള വസ്‌തുക്കളാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. പണയത്തിന്റെ ഭാഗമായെടുത്ത പണം തിരികെ തരാമെന്നും നടപടികൾ സ്വീകരിക്കരുതെന്നും ഇയാൾ പറഞ്ഞു. 18 ലക്ഷം രൂപയും പലിശയും തിരികെ അടപ്പിച്ചതിനുപിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാനേജരെ സഹായിച്ചെന്ന് കരുതുന്ന രണ്ട് ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.