തിരുവനന്തപുരം : കൊവിഡ് ബാധിതനായി വീട്ടിൽ കഴിഞ്ഞിരുന്ന മന്ത്രി ജി.ആർ. അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഇന്നലെ രാവിലെ 10 മണിയോടെ ആശുപത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ്.

ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആരോഗ്യവകുപ്പിൽ നിന്ന് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇന്നലെ 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക വസതിയിൽ എത്തിയെങ്കിലും വിശ്രമത്തിലായിരുന്ന മന്ത്രിയെ കാണാൻ കഴിയാതെ മടങ്ങി. തുടർന്ന് മന്ത്രി മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോയതെന്നാണ് വിവരം. മന്ത്രിമാരും വി.ഐ.പികളുമൊക്കെ രോഗബാധിതരായാൽ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിക്കുന്ന സംഘം അവരെ പരിശോധിച്ച് ആരോഗ്യനില ഉറപ്പാക്കണമെന്നിരിക്കെ അനിലിന്റെ ആരോഗ്യനില പരിശോധിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.