photo

യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിലേക്ക് നേറ്റോ സൈന്യം നീങ്ങിത്തുടങ്ങിയതോടെ കുറേ മാസങ്ങളായി യൂറോപ്പിൽ നിലനില്‌ക്കുന്ന യുദ്ധഭീഷണി ഗുരുതരമായിരിക്കുന്നു. ആയിരക്കണക്കിന് റഷ്യൻ സൈനികർ യുക്രെയിൻ അതിർത്തിയിൽ ഉത്തരവ് കാത്തിരുന്നു തുടങ്ങിയിട്ട് മാസങ്ങളായി.


പഴയ സോവിയറ്റ് യൂണിയനിലെ പ്രവിശ്യയായിരുന്ന യുക്രെയിൻ അമേരിക്കയുടെ സൈനിക സഖ്യമായ നേറ്റോയിൽ അംഗത്വം നേടിയാലുടൻ റഷ്യൻ സൈന്യം യുക്രെയിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ ഘടക റിപ്പബ്ളിക്കുകൾ തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണ് നേറ്റോയിൽ ചേരാനുള്ള യുക്രെയിനിന്റെ നീക്കമെന്നാണ് റഷ്യയുടെ വാദം. യുക്രെയിനിന്റെ ഭാഗമായിരുന്ന ക്രിമിയ 2014-ൽ കീഴടക്കിയ റഷ്യയുടെ നടപടിയെ യു.എൻ പ്രതിനിധിസഭ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് അപലപിച്ചിരുന്നു.
1991 വരെ റഷ്യയുടെ ഭാഗമായിരുന്ന യുക്രെയിനിനെ അതിനുശേഷവും വരുതിയിൽ നിറുത്താനാണ് റഷ്യ ശ്രമിച്ചിരുന്നത്. കിഴക്കൻ മേഖലയിലെ വ്യവസായ നഗരമായ സാൻബാസിൽ ഒരു വിഘടനവാദ പ്രസ്ഥാനം സംഘർഷം സൃഷ്ടിക്കാൻ തുടങ്ങി. റഷ്യയുടെ മാനസപുത്രനായിരുന്ന ഭരണാധികാരി കീവിലെ ജനകീയപ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സാഹചര്യത്തിലായിരുന്നു അത്. ഈ ജനകീയ പ്രതിഷേധങ്ങൾക്ക് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു.


യുക്രെയിനിൽ സായുധ കലാപത്തിന് ശ്രമിക്കുകയാണ് റഷ്യ. റഷ്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന കിഴക്കൻ മേഖലയിലെ സംവിധാനങ്ങളുടെയെല്ലാം നിയന്ത്രണം അവരുടെ സായുധസംഘങ്ങൾ കൈയടക്കിക്കഴിഞ്ഞു. ചില മേഖലകൾ കേന്ദ്രമാക്കി ജനകീയ റിപ്പബ്ളിക്കുകൾ സ്ഥാപിച്ചതായി ഈ സംഘങ്ങൾ പ്രഖ്യാപിച്ചു. അവരെ അടിച്ചമർത്താൻ യുക്രെയിൻ സൈന്യവും വോളന്റിയർമാരും അങ്ങോട്ട് തിരിച്ചിരിക്കുകയാണ്. യുക്രെയിൻ ഭരണത്തെ അട്ടിമറിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അത് ഉടനെ ഉണ്ടായേക്കുമെന്നും യുക്രെയിനിയൻ പ്രസിഡന്റ് തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.


റഷ്യയും യുക്രെയിനും ബെലാറൂസും ഒന്നാണെന്നും ഒരേ പൈതൃകത്തിന്റെ ഭാഗമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഏതാനും മാസം മുമ്പെഴുതിയ ലേഖനത്തിൽ ഉൗന്നിപ്പറഞ്ഞിരുന്നു. യുക്രെയിനിന്റെയും ബെലാറൂസിന്റെയും പരമാധികാരം റഷ്യയുമായി ചേർന്ന് നിൽക്കുമ്പോഴേ പൂർണമാകൂ എന്നും പുടിൻ വ്യക്തമാക്കി. ഈ ദേശീയ സഖ്യത്തിന്റെ അധികാരകേന്ദ്രം ക്രംലിൻ ആയിരിക്കുമെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
2021ന്റെ അവസാന നാളുകളിൽ മഹാമാരിയുടെ നടുവിൽ തന്നെ സൈനിക നടപടി ഒഴിവാക്കാനുള്ള ഉപാധിയായി കുറേ ആവശ്യങ്ങളുടെ പട്ടിക റഷ്യ അമേരിക്കയ്ക്ക് കൈമാറി. പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളെ ചേർത്ത് നേറ്റോ വികസിപ്പിക്കാനുള്ള പദ്ധതി മരവിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന അകമ്പടിയുടെ കരാറും റഷ്യ അമേരിക്കയ്ക്ക് കൈമാറിയെന്നാണ് വിവരം. ഈ മേഖലയിൽ നേറ്റോയുടെ സൈനിക സന്നാഹങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിക്കാനും മദ്ധ്യദൂര മിസൈലുകൾ നിരോധിക്കാനും യുക്രെയിനുള്ള സൈനിക സഹായം നിറുത്തിവയ്ക്കാനും റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടു. പുടിന്റെ ലക്ഷ്യം വ്യക്തമാണ്. യുക്രെയിനിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ല തന്നെ. തയ്‌വാന്റെ കാര്യത്തിൽ ചൈന സ്വീകരിക്കുന്ന നിലപാടിന് സമാനമായ വിധം യുക്രെയിനിനെ കീഴടക്കാൻ സൈന്യങ്ങളെയും ജനങ്ങളെയും ഒരുക്കുകയാണ് പുടിൻ. പുറമേ നിന്നാരെങ്കിലും ഇടപെടുന്നതിനു മുമ്പ് ലക്ഷ്യം കാണാനുള്ള വ്യഗ്രതയിലാണ് അദ്ദേഹം.


റഷ്യയുടെ സമ്മർദ്ദത്തെ അമേരിക്കയും സഖ്യകക്ഷികളും നിശിതമായി വിമർശിക്കുകയും അതേസമയം അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ യുദ്ധം ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുത്ത് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ പുടിനുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് റഷ്യയുടെയും അമേരിക്കയുടെയും ഉന്നതതല സംഘങ്ങൾ കൂടിക്കാഴ്ച നടത്തി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾ ചർച്ചചെയ്തു.


യുക്രെയിൻ കീഴടക്കാനുള്ള റഷ്യയുടെ പദ്ധതി വിജയിക്കാൻ സാദ്ധ്യതയില്ല. ഇപ്പോൾത്തന്നെ റഷ്യയുടെ സമ്പദ് ഘടന കടുത്ത പ്രതിസന്ധിയിലാണ്. അധിനിവേശത്തെ തുടർന്ന് നേരിടേണ്ടി വന്നേക്കാവുന്ന രാജ്യാന്തര ഉപരോധം അത് കൂടുതൽ രൂക്ഷാക്കും. യുദ്ധം കൂടുതൽ വ്യാപിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സൈനിക നടപടികളിലെ അപകടസാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് നയതന്ത്ര മാർഗത്തിലേക്ക് ശ്രദ്ധതിരിക്കാനുള്ള വിവേകം ഭരണാധികാരികൾ കാണിക്കാനുള്ള സാദ്ധ്യതയുമുണ്ട്. വ്യക്തമായ പരിഹാരം യുക്രെയിനിന്റെ നേറ്റോപ്രവേശനം മരവിപ്പിക്കുക എന്നതു തന്നെയാണ്. അതിൽ കുറഞ്ഞതായി ഒന്നും അംഗീകരിക്കാൻ പുടിൻ തയ്യാറല്ല. എന്നാൽ ഈ അവസരം ഉപയോഗിച്ച് പുടിന്റെ ധാർഷ്ട്യവും അധികാര മോഹവും തകർക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. റഷ്യയിൽ പുടിനെതിരെയുള്ള നൊവാൽനിയുടെ നീക്കങ്ങൾക്ക് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പിന്തുണ നൽകുകയാണ്. റഷ്യ യുക്രെയിൻ അതിർത്തിയിൽ നിന്ന് പിൻമാറുന്നതുവരെ സംഘർഷാവസ്ഥ തുടരുകയും ചെയ്യും.
യുക്രെയിനിന്റെ കാര്യത്തിൽ പുടിനും ബൈഡനും സ്വീകരിച്ചിരിക്കുന്ന നിലപാട് 1962-ൽ ക്രൂഷ്ചേവും കെന്നഡിയും ക്യൂബയുടെ കാര്യത്തിൽ എടുത്ത നിലപാടു പോലെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. വൈറ്റ് ഹൗസിന്റെ അഭിപ്രായം റഷ്യൻ ആക്രമണം ആസന്നമായിരിക്കുന്നു എന്നാണ്.


'റഷ്യ യുക്രെയിനെ ആക്രമിച്ചാൽ ലോകം തന്നെ മാറുന്ന തരത്തിലുള്ള നടപടിയുണ്ടാകുമെന്ന് 'ബൈഡൻ പറയുകയുണ്ടായി. റഷ്യയ്‌ക്കും പുടിന് വ്യക്തിപരമായും ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ ജനുവരി 26ന് ഭീഷണിപ്പെടുത്തി. ആ ഉപരോധം റഷ്യയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന തരത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും മുന്നറിയിപ്പു നൽകി. ബെലാറൂസിൽ പ്രവേശിച്ച് റഷ്യൻ സൈന്യം യുക്രെയിനിനെ ആക്രമിച്ചാൽ ബെലാറൂസിനെ ആക്രമിക്കുമെന്നതാണ് അമേരിക്കയുടെ നിലപാട്. യൂറോപ്പിലേക്കുള്ള എണ്ണയുടെ വഴി റഷ്യ അടച്ചേക്കുമെന്ന ഭയമുള്ളതിനാൽ ബൈഡൻ ഖത്തർ ഭരണാധികാരിയുമായി ജനുവരി 31-നു ചർച്ച നടത്തുമെന്നും സൂചനകളുണ്ട്. യൂറോപ്യൻ യൂണിയൻ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം റഷ്യയിൽ നിന്നാണ് വരുന്നത്.
യുക്രെയിനിന്റെ കാര്യത്തിൽ വീറ്റോ ഉപയോഗിക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന മറുപടി നൽകാൻ അമേരിക്ക തയ്യാറെടുക്കുകയാണ്. യുക്രെയിനിലെ അമേരിക്കൻ പ്രതിനിധി റഷ്യ യുക്രെയിനിനെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്റെ വക്കിലാണ് ഇരുരാജ്യങ്ങളും. എങ്കിലും നയതന്ത്ര വാതായനങ്ങൾ അടഞ്ഞിട്ടില്ലെന്ന് ഇരുകൂട്ടരും സൂചന നൽകുന്നുണ്ട്. മഹാമാരിയുടെ മദ്ധ്യത്തിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയില്ലെന്ന പ്രത്യാശയാണ് ലോകത്തിനുള്ളത്.


ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് യുക്രെയിനിന്റെ കാര്യത്തിൽ റഷ്യ അമേരിക്കയുമായി ധാരണയിലെത്തിയതായി സൂചനകളുണ്ട്. എന്നാലും യുക്രെയിനിന്റെ പൂർണസ്വാതന്ത്ര്യവും സുരക്ഷിതത്വവും നേടിയെടുക്കാനുള്ള വഴികൾ ഇപ്പോഴും വ്യക്തമല്ല.