mathan-mooppan

നിലമ്പൂർ കരിമ്പുഴ വനത്തിലെ മാഞ്ചേരിയിലെ മാതൻ മൂപ്പനെ, ആ മഴക്കാട് തേടി പോയവരാരും മറക്കില്ല. കലർപ്പില്ലാത്ത ആ ചിരി തന്നെയാണ് മാതൻ മൂപ്പന്റെ ഐശ്വര്യം. കൈയ്യിലൊരു വടിയുണ്ടാകുമെങ്കിലും മലകയറിപോകുമ്പോൾ മാത്രമാണ് 90നോട് അടുത്ത് നില്ക്കുന്ന മാതൻ അത് നിലത്ത് ഊന്നുന്നത്. അല്ലാത്തപ്പോഴൊക്കെ വടി വെറുതെ പിടിച്ച് നടക്കും. തോളിൽ ഈറകൊണ്ട് നെയ്തുണ്ടാക്കിയ കൂടയുണ്ടാകും. ആദിവാസികളിലെ ചോലനായ്കർ വിഭാഗത്തിൽപെട്ടവരുടെ ഊരുമൂപ്പനായിരുന്നു മാതൻ. നേരത്തെ മൂപ്പനായിരുന്ന വീരന്റെ മരണത്തെ തുടർന്നാണ് മാതൻ മൂപ്പനായത്.

കാടിനോട് ചേർന്നും അല്ലാതെയും സർക്കാർ പദ്ധതികളനുസരിച്ച് നിർമ്മിച്ച കോൺക്രീറ്റ് വീടുകളിൽ കഴിയുന്ന പുതിയകാല ആദിവാസികളുടെ പ്രതിനിധിയല്ല മാതൻ. വനവിഭവങ്ങൾ കഴിച്ച് ഉൾവനങ്ങളിലെ ഗുഹകളിൽ മാറിമാറി കഴിയുന്ന പ്രാക്തന ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയാണ്.

കരിമ്പുലിയും കാട്ടാനകളും കരടികളും ഏറെയുള്ള കരിമ്പുഴ കാട്ടിലെ ചോലനായ്ക്കർ വിഭാഗത്തിലുള്ളവരെ വന്യമൃഗങ്ങൾ സാധാരണ ആക്രമിക്കാറില്ല. ഒരേകാട്ടിൽ ഒരുമയോടെയാണ് അവർ കഴിഞ്ഞു പോന്നത്. എന്നിട്ടും ഒരൊറ്റയാൻ മാതന്റെ ജീവൻ ചവിട്ടിക്കെടുത്തി. പാഞ്ഞെത്തിയ ആനക്കൂട്ടം ഒറ്റയാനെ അകറ്റി മാതനും ചുറ്റും കാവൽനിന്നു. കൂട്ടത്തിൽ നിന്നും വേർപരിഞ്ഞവന്റെ തെറ്റിന് മാപ്പു പറയാനായിട്ടാവണം, അല്ലെങ്കിൽ അശ്രുപുഷ്‌പങ്ങളർപ്പിക്കാനാവും. വനവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടും ആനക്കൂട്ടം മാറാൻ തയ്യാറായില്ല.

റിപ്പബ്ലിക് ദിനത്തിലായിരുന്നു മാതന്റെ വേർപാടുണ്ടായത്. 2002ൽ രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചപ്പോൾ ഭാര്യ കരിക്കയ്ക്കൊപ്പം ഡൽഹിയിൽ പോയി റിപ്പബ്ലിക് ദിന പരേഡ് കണ്ടയാളാണ് മാതൻ. പിന്നീട് അതിന്റെ ആനുകൂല്യവും ആദരവും പറ്റാതെ ഗുഹയിലേക്ക് മടങ്ങിയ കാടിന്റെ പുത്രൻ. പൊതുവെ ചോലനായ്ക്കർ പുറംലോകത്തേക്ക് വരാറില്ല. നാട്ടുകാരുമായി ഇടപാടുകൾ നടത്തുന്നവരും കുറവ്. കാട്ടിലെത്തുന്ന ഉദ്യോഗസ്ഥരോടോ നാട്ടുകാരോടോ എന്തെങ്കിലും ആശയവിനിമയം നത്താൻ മാതനെപ്പോലെ ഏതാനും പേർ മാത്രമേ തയ്യാറാകൂ. നന്നായി അടുപ്പമുള്ളവർക്ക് മാതേട്ടൻ പച്ചിലമരുന്നുകൾ നൽകും. മാതനുമായി കൂട്ടുകൂടിയവർ അദ്ദേഹത്തെ മാതേട്ടൻ എന്നു വിളിച്ചു.

കരിമ്പുഴ വനത്തിൽ കഴിയുന്ന ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ടവരെ വനം, ആരോഗ്യ, പട്ടികവ‌ർഗ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബുധനാഴ്ചയും സന്ദർശിക്കാറുണ്ട്. ആദിവാസികൾ നൽകുന്ന വനവിഭവങ്ങൾ വാങ്ങി പകരം അരി, പയർ, പഴവർഗങ്ങൾ തുടങ്ങിയവ അവർക്ക് കൈമാറുക, മരുന്ന് നൽകുക തുടങ്ങിയവയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരെത്തുന്ന ക്യാമ്പ് സ്ഥലത്തേക്ക് വളരെക്കുറച്ച് ആദിവാസികൾ മാത്രമെ എത്താറുള്ളൂ. വരുന്നവരിലധികവും ചെറുപ്പക്കാരാണ്. സ്ത്രീകൾ വരാറേയില്ല. അവർക്ക് പരാതികളുമില്ല. നാട്ടുകാർ തങ്ങളുടെ സ്വൈര്യജീവിതം തകർക്കരുതെന്ന ആഗ്രഹം മാത്രമേ അവർക്കുള്ളൂ.

കഴിഞ്ഞ ‌ഡിസംബർ‌ ഒന്നിന് ആദിവാസികളെക്കുറിച്ചുള്ള പരമ്പര തയ്യാറാക്കുന്നതിന്റെ ഭാഗമായി ഈ ലേഖകൻ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കരിമ്പുഴ വനത്തിലെത്തിയപ്പോൾ അവിടെ മാതനുണ്ടായിരുന്നു ചുമ്മാ നിലത്ത്

കുത്തിയിരിക്കുകയാണ്. ഷൂസിട്ട് പോയാൽപ്പോലും കാലിൽ നുഴഞ്ഞു കയറി ചോരയൂറ്റിക്കുടിക്കുന്ന അട്ടകൾ ധാരാളം. മാതന്റെ രണ്ടുകാലിലും അട്ടകൾ കയറി ചോരകുടിച്ച് മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. അതൊന്നും മാതൻ ഗൗനിക്കുന്നേയില്ല. അടുത്തുപോയിരുന്ന് കുറച്ചുനേരം സംസാരിച്ചു. കന്നട കലർന്ന ഭാഷ. മലയാളം മനസിലാകുമെന്നു മാത്രം. എന്തെങ്കിലും പരാതിയുണ്ടോ എന്ന് തിരക്കിയപ്പോൾ ഇല്ലെന്നു മറുപടി. സംസാരിക്കുന്നതിനിടയിൽ ഒരു വിഷമം മാതനുള്ളതായി മനസിലായി. പക്ഷേ, പറയുന്നില്ല. ഒടുവിൽ കൂടയും തൂക്കി ഗുഹയിലേക്ക് നടക്കുന്നതിടയിൽ മാതൻ പറഞ്ഞു. 'നമ്മളെ നമ്മളായി ജീവിക്കാൻ അനുവദിക്കണം.'

അതിനു കാരണമുണ്ട്. അന്ന് ചോലനായ്ക്കർക്ക് ആധാർ നൽകുന്നതിനായി ഒരു ക്യാമ്പ് നടത്തിയിരുന്നു. അവർക്കായി ബാങ്ക് അക്കൗണ്ടും തൊഴിൽകാർഡ് നൽകുന്ന പദ്ധതിയും നടപ്പിലാക്കാൻ പോകുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തങ്ങളുടെ പ്രകൃതിയിൽ നിന്നും പറിച്ചുനടാനുള്ള ശ്രമമായിട്ടു മാത്രമേ ഇതിനെ മാതൻ കണ്ടുള്ളൂ. അതിന്റെ വേദനയാണ് അന്ന് പങ്കുവച്ചത്.