flag

തിരുവനന്തപുരം: ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുൻനിര സംസ്ഥാനമാകാൻ കേരളത്തിന് കഴിഞ്ഞതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്.

ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കിയതും കൂടുതൽ മേഖലകളിലേക്ക് ഇ-സേവനങ്ങൾ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. കൊവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മികച്ചതാണ്. ജനസംഖ്യയുടെ 80 ശതമാനം പേർക്കും വാക്സിൻ നൽകി ഫലപ്രദമായ വാക്സിനേഷൻ ഡ്രൈവിനു നേതൃത്വം നൽകാൻ സർക്കാരിന് കഴിഞ്ഞു. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷൻ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, വികസനത്തിൽ വലിയ പുരോഗതി നേടാനായി.


സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂൾ വിദ്യാഭ്യാസ രംഗത്തും കൈവരിച്ച പുരോഗതിയും മാതൃകകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടേണ്ടതുണ്ട്. മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ശക്തമായ ശൃംഖല കെട്ടിപ്പടുക്കണം. സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾ തുടച്ചുനീക്കി ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഉദാഹരണമാണെന്നും ഗവർണർ പറഞ്ഞു.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ, എം.എൽ.എ മാരായ വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, എം.വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണ് ഗവർണർ എത്തിയത്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ.ബി. ആർ. അംബേദ്കർ, കെ. ആർ. നാരായണൻ എന്നിവരുടെ പ്രതിമകളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി.