
വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ തെറ്റായി രേഖപ്പെടുത്തിയാൽ വർഷങ്ങളോളം ഉടമസ്ഥൻ പോലും അറിയണമെന്നില്ല. പുരയിടമായിരുന്ന വസ്തുക്കൾ റീസർവേ കഴിഞ്ഞ് നിലമായി മാറാം. നിലമെന്ന് രേഖപ്പെടുത്തിയതിന് പുറമേ ഗ്രീൻബെൽറ്റിൽ ഉൾപ്പെടുന്ന വസ്തു കൂടിയാണെങ്കിൽ പട്ടണത്തിന്റെ മദ്ധ്യത്തിലാണെങ്കിലും അവിടെ വീട് പണിയാൻ നൂറ് കുരുക്കുകളുണ്ടാകും. ഇക്കാര്യങ്ങളിൽ വസ്തുസംബന്ധിച്ച പഴയ നിയമങ്ങളാണ് സർക്കാർ പിന്തുടരുന്നത്. അതിൽ കാലോചിതമായ മാറ്റം വരുത്തിയാൽ പലർക്കും രക്ഷയാകും.
25 സെന്റിൽ കുറഞ്ഞ നിലമായി രേഖപ്പെടുത്തിയ വസ്തു പുരയിടമാക്കി തരംതിരിക്കാൻ ഫീസ് വാങ്ങേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. പക്ഷേ അതിന്റെ നടപടിക്രമങ്ങൾ ലഘൂകരിച്ചില്ല. കാര്യം നടക്കുമെങ്കിൽ ഫീസ് കൊടുക്കാൻ പോലും ജനങ്ങൾ തയ്യാറാണ്. ഇപ്പോൾ ഫീസ് സൗജന്യം വന്നപ്പോൾ നിരവധി അപേക്ഷകളാണ് ആർ.ഡി.ഒ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്നതെന്നും മെല്ലെപ്പോക്ക് തുടർന്നാൽ 15 വർഷമെങ്കിലും വേണ്ടിവരും നടപടികൾ പൂർത്തിയാക്കാനെന്നും ചൂണ്ടിക്കാട്ടി ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫീസ് എന്നിങ്ങനെ ഓഫീസുകളിൽ കയറിയിറങ്ങിയാലേ നിലം തരംമാറ്റൽ നടക്കൂ. വില്ലേജ് ഓഫീസർ സ്ഥലത്തുവന്ന് പരിശോധിച്ച് ചുറ്റും വീടാണെന്നും കൃഷിയൊന്നും നടക്കുന്നില്ലെന്നും പുരയിടമാക്കിയാൽ കുഴപ്പമില്ലെന്നും കാട്ടി റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് നൽകണം. ഓരോ വില്ലേജ് ഓഫീസിലും എടുപ്പത് പണിയുണ്ട്. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. പലതും അഡ്‌മിഷൻ, ജോലി, വീടുപണി തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങളുമായിരിക്കും. ഇതിനിടയിൽ വേണം വില്ലേജ് ഓഫീസർ നേരിട്ട് പരിശോധന നടത്താൻ. ജോലിഭാരം കാരണം അത് പെട്ടെന്ന് നടക്കുന്നതല്ല. ഇനി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ആർ.ഡി.ഒ തരം മാറ്റി ഉത്തരവ് തന്നാലും പ്രശ്നങ്ങൾ തീരുന്നില്ല. പിന്നീട് താലൂക്ക് ഓഫീസിൽ നിന്ന് സർവേയർ വന്ന് പരിശോധിച്ച് രണ്ടാമത്തെ റിപ്പോർട്ട് നൽകണം. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അവർ വില്ലേജ് ഓഫീസിലേക്ക് അയയ്ക്കും. തുടർന്നാണ് നിലം പുരയിടമായി മാറുന്ന തണ്ടപ്പേർ ലഭിക്കുക. അതിൽ കരം അടയ്ക്കുമ്പോൾ മാത്രമേ നിലം പുരയിടമായി മാറൂ.
യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരനെ സംബന്ധിച്ച് ഒറ്റയടിക്ക് നടക്കുന്ന കാര്യമല്ലിത്. ഇതെല്ലാം നടത്തിക്കൊടുക്കാൻ ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നുമുണ്ട്. അമിതമായ പണമാണ് അവർ ഈടാക്കുന്നത്. ഇടതുപക്ഷ സർക്കാർ കൂട്ടായി ആലോചിച്ച് ഇതിനൊരു മാറ്റം വരുത്തണം. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രത്യേക പ്രദേശങ്ങളിലെ സ്ഥലപരിശോധനകൾ പൂർത്തിയാക്കി അദാലത്തുകൾ സംഘടിപ്പിച്ച് ജനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുക. വലിയ പദ്ധതികളെക്കാൾ ജനങ്ങൾക്ക് ആദ്യം വേണ്ടത് ഇതുപോലുള്ള കാര്യങ്ങളാണ്.