-lokayuktha

രാജ്യത്തെ ഏറ്റവും ശക്തമായ ലോകായുക്ത നിയമം കേരളത്തിന്റേതാണെന്ന ഗർവിലായിരുന്നു സംസ്ഥാനം ഇതുവരെ മുന്നോട്ടുപോയത്. എന്നാൽ പിണറായി സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവരുന്ന ഭേദഗതി കേരള ലോകായുക്തയെ പല്ലും നഖവും കൊഴിഞ്ഞ മൃതരൂപമാക്കാൻ പോരുന്നതാണ്. പൊതുമണ്ഡലങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും തടയുന്നതിനു വേണ്ടിയാണ് രണ്ടു പതിറ്റാണ്ടു മുൻപ് സവിസ്തരമായ ചർച്ചകൾക്കുശേഷം കേരള ലോകായുക്ത നിയമം നിയമസഭ പാസാക്കിയത്. നിയമം നടപ്പാക്കിയത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസർക്കാരാണ്. അധികാരത്തിലിരിക്കുന്നതോ ഉദ്യോഗത്തിലിരിക്കുന്നതോ ആയ ഏതൊരാളും നിയമം വിട്ട് നീങ്ങുന്നുവെന്ന് ബോദ്ധ്യമായാൽ അതിനെതിരെ പരാതിപ്പെടാനും സങ്കടനിവൃത്തി തേടാനും പൊതുജനങ്ങൾക്ക് തുറന്നുകിട്ടിയ മോക്ഷവഴിയാണ് ലോകായുക്ത. സമർപ്പിക്കപ്പെടുന്ന പരാതികളിൽ സ്വന്തംനിലയ്ക്ക് അന്വേഷണം നടത്തി സത്യം കണ്ടെത്താൻ ലോകായുക്തയ്ക്ക് സംവിധാനമുണ്ട്. പൊലീസും അഭിഭാഷകരുമൊക്കെയുണ്ട്. പരാതിയിൽ സത്യമുണ്ടെന്നു തെളിഞ്ഞാൽ ആരോപണവിധേയനായ ആളെ അയാൾ വഹിക്കുന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്യാൻ ബന്ധപ്പെട്ട മേലധികാരിക്ക് ശുപാർശ നൽകാം. ആരോപണവിധേയൻ മന്ത്രിയാണെങ്കിൽ ലോകായുക്തയുടെ ശുപാർശ അതേപടി നടപ്പാക്കാനുള്ള അധികാരി മുഖ്യമന്ത്രിയാണ്. ആദ്യ പിണറായി സർക്കാരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ ലോകായുക്ത വിധി വന്നപ്പോൾ അദ്ദേഹം രാജിവയ്ക്കാൻ നിർബന്ധിതനായി. ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ പോയെങ്കിലും ഫലമുണ്ടായില്ല.

ലോകായുക്തയായി നിയമിതരാകുന്നവരുടെ കാര്യത്തിലും ഇപ്പോഴുള്ള നിബന്ധനകളിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നു. സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജഡ്‌ജിയോ ഹൈക്കോടതിയിൽ നിന്നു പിരിഞ്ഞ ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്നാണ് നിലവിലുള്ള വ്യവസ്ഥ. ഭേദഗതി പ്രകാരം ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജഡ്‌ജിമാരിൽ ആരെയും ലോകായുക്തയായി നിയമിക്കാം. ഈ രണ്ടു ഭേദഗതികളും നിലവിലുള്ള ലോകായുക്ത നിയമത്തെ എത്രമാത്രം ദുർബലപ്പെടുത്തുമെന്ന് സാമാന്യ നിയമബോധമുള്ള ആർക്കും ബോദ്ധ്യമാകും. ലോകായുക്തയുടെ മുമ്പിൽ ഇപ്പോൾ പരിഗണനയിലുള്ള ചില കേസുകളിലെ തിരിച്ചടി ഭയന്നാണ് സർക്കാർ ഇത്തരമൊരു നടപടിക്കു മുതിർന്നതെന്ന വിമർശനം ശക്തമാണ്.

കൈക്കൂലിയും അഴിമതിയും ശിക്ഷാർഹമായ കുറ്റമാണെങ്കിലും എല്ലായിടത്തും അതു കൊടികുത്തിവാഴുകയാണ്. സാധാരണക്കാരന് ഏതെങ്കിലുമൊരു സേവനം ലഭിക്കാൻ പലരെയും പ്രസാദിപ്പിക്കേണ്ടിവരുന്നു. ഉന്നതങ്ങളിൽ അരങ്ങേറുന്ന അധികാര ദുർവിനിയോഗങ്ങളിൽ ഒരു ശതമാനം പോലും പരാതികളായി അധികാരപ്പെട്ട സ്ഥാനങ്ങളിൽ എത്താറില്ല. തിരസ്കരിക്കപ്പെടരുതാത്ത ലോകായുക്ത വിധികൾക്കുപോലും പലപ്പോഴും പരിഗണന കിട്ടാറില്ല. സൗകര്യമുണ്ടെങ്കിൽ മാത്രം വിധി നടപ്പാക്കിയെന്നിരിക്കും.

ലോകായുക്ത പ്രവർത്തിക്കുന്നതുകൊണ്ടു മാത്രം ഇവിടെ അഴിമതിയും അധികാര ദുർവിനിയോഗവും ഇല്ലാതാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ഇങ്ങനയൊരു സ്വതന്ത്ര സംവിധാനം ആശ്രയമായി ഉണ്ടെന്നതു വലിയ ആശ്വാസമാണ്. നിയമത്തിനും നീതിക്കും നിരക്കാത്ത രീതിയിൽ അധികാര ദുർവിനിയോഗത്തിനു മുതിരുന്ന ഏതൊരു ഉന്നതനെതിരെയും പൊതുജനങ്ങൾക്ക് നിർഭയം സമീപിക്കാവുന്ന ഒരു സംവിധാനമെന്ന നിലയിൽ ലോകായുക്ത ഇപ്പോഴത്തെ രൂപത്തിലെങ്കിലും നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ ചിറകരിയുന്നതിലൂടെ സർക്കാർ അങ്ങേയറ്റം തെറ്റായ സന്ദേശം കൂടിയാണ് നൽകുന്നത്.

ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള നിയമ ഭേദഗതിയാണ് ഉദ്ദേശിക്കുന്നത്. ലോകായുക്ത വിധികൾക്കു ശുപാർശ സ്വഭാവമേ ഉള്ളൂ എന്നാണ് സർക്കാരിന്റെ വാദം. രണ്ടു പതിറ്റാണ്ടായി തോന്നാതിരുന്ന ഒരു കാര്യം പൊടുന്നനെ എങ്ങനെ ഉത്ഭവിച്ചെന്ന് അതിശയിക്കുന്നത് സ്വാഭാവികം. സംശുദ്ധവും സുതാര്യവുമായ ഭരണമെന്ന വാഗ്ദാനത്തിൽ എത്രമേൽ കരിനിഴൽ ചാർത്തുന്ന നടപടിക്കാണ് സർക്കാർ മുതിരുന്നതെന്ന് ആലോചിക്കേണ്ടതായിരുന്നു. അഥവാ ലോകായുക്തയുടെ തീരുമാനത്തിനെതിരെ അപ്പീൽ അധികാരം കൂടിയേതീരൂ എങ്കിൽ ഹൈക്കോടതിക്കു വിടുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരികയായിരുന്നു ഉചിതം. അപ്പീൽ അധികാരി സർക്കാർ തന്നെയായാൽ പിന്നെ ലോകായുക്തയ്ക്ക് എന്തു പ്രസക്തി. അങ്ങനെയൊന്ന് വേണ്ടെന്നുവയ്ക്കുകയല്ലേ നല്ലത്?