
തിരുവനന്തപുരം: ലളിതകലാ അക്കാഡമിയുടെ സ്‌കോളർഷിപ്പോടെ സജിത്ത് സുഗതൻ സംഘടിപ്പിക്കുന്ന ഏകാംഗ ശില്പ പ്രദർശനം ' സഫർ ' ശ്രദ്ധേയമാകുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാഡമി ഗാലറിയിലാണ് പ്രദർശനം നടക്കുന്നത്.
കൊച്ചി മുസിരീസ് ബിനാലെയിലടക്കം പ്രദർശനങ്ങൾ സംഘടിപ്പിച്ച തിരുവനന്തപുരം പെരിങ്ങമല വട്ടവിള സ്വദേശിയായ സജിത്തിന്റെ ആദ്യത്തെ ഏകാംഗ പ്രദർശനമാണിത്. ടെറാകോട്ട, സെറാമിക് എന്നിവ ഉപയോഗിച്ചാണ് ഈ 29കാരൻ ശില്പങ്ങൾ ഒരുക്കിയിരിക്കുന്നത്.
സ്ഥിരതയില്ലാത്ത രാഷ്‌ട്രീയം, സാമ്പത്തിക - സാമൂഹിക അവസ്ഥ എന്നിവയൊക്കെയാണ് ചിത്രങ്ങളിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന് സജിത്ത് കേരളകൗമുദിയോട് പറഞ്ഞു. ഭൂമി, തുറന്ന വാതിലുകൾ, നിലനില്പ്, സന്തോഷം, സ്ഥിരതയില്ലായ്‌മ, ചുമരുകൾ എന്നിവയെ ഫോക്കസ് ചെയ്‌താണ് പ്രദർശനത്തിലെ സൃഷ്ടികൾ ഒരുക്കിയിരിക്കുന്നതെന്നും ശില്പി പറയുന്നു. കലാരംഗത്തെ നിരവധി പ്രമുഖരാണ് പ്രദർശനം കാണാനായി ആർട് ഗാലറിയിലെത്തിയത്. ഞായറാഴ്‌ച പ്രദർശനം സമാപിക്കും.
സ്‌കൂൾ കാലം മുതൽ ശില്പകലയിൽ താത്പര്യമുണ്ടായിരുന്ന സജിത്ത് മാവേലിക്കര കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ ചേർന്നതോടെയാണ് ഈ മേഖലയെ ഗൗരവമായി കണ്ടുതുടങ്ങിയത്. തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്‌സിലായിരുന്നു തുടർവിദ്യാഭ്യാസം. സംസ്ഥാനതലത്തിൽ നടന്ന വിവിധ എക്‌സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ശില്പകലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സജിത്തിന്റെ തീരുമാനം. പിതാവ്: സുഗതൻ, മാതാവ്: വസന്ത, ഭാര്യ: രാഖി.