
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത്, ദുരിതാവസ്ഥയിലുള്ളവർക്ക് ഭക്ഷണ സൗകര്യമൊരുക്കാനായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നേരത്തേയുണ്ടായിരുന്ന സമൂഹ അടുക്കളകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭായോഗം നിർദ്ദേശിച്ചു. കമ്മ്യൂണിറ്റി കിച്ചനോ ജനകീയ ഹോട്ടലുകളോ മുഖേന രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ ഫലപ്രദമായ ഇടപെടലുകൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തണം. പ്രദേശത്ത് നേരത്തേ ഉണ്ടായിരുന്ന കമ്മ്യൂണിറ്റി കിച്ചനുകൾ കൊവിഡ് രൂക്ഷത കുറഞ്ഞതിനെ തുടർന്ന് നിറുത്തലാക്കിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ അതത് പ്രദേശത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയിലൊരിക്കൽ മോണിറ്ററിംഗ് നടത്തണം. വാർഡുതല ജാഗ്രതാസമിതി യോഗങ്ങൾ ആഴ്ചയിലൊരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളിൽ വാർഡുതലസമിതികൾ ആഴ്ചയിൽ രണ്ടുതവണയെങ്കിലും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദൻ നിർദ്ദേശം നൽകി.
തദ്ദേശ സ്ഥാപനതലത്തിൽ പ്രാഥമിക കരുതൽ ചികിത്സാകേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി), ഡി.സി.സികൾ എന്നിവയിൽ രോഗികൾക്ക് ആവശ്യമുള്ള സൗകര്യമൊരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. ഇത്തരം സംവിധാനങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങരുത്. വാർഡുതല ജാഗ്രതാസമിതികൾ മുഖേന സി.എഫ്.എൽ.ടി.സി സൗകര്യങ്ങളുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ ജനങ്ങളിലെത്തിക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്സ്ഗ്രേഷ്യ ധനസഹായം അർഹതപ്പെട്ടവർക്കെല്ലാം ലഭ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ഇനിയും അപേക്ഷിക്കാത്തവരെ അപേക്ഷ സമർപ്പിക്കാൻ പ്രേരിപ്പിക്കണം. അതിനായി തുടർ ഇടപെടലുണ്ടാകണം.
വാർറൂമും റാപ്പിഡ് റെസ്പോൺസ് ടീമുകളും പുനഃസംഘടിപ്പിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ അത് ചെയ്യണം. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു.
 ലോക്ഡൗൺ കാലത്തെ വിജയ ഫോർമുല
ലോക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സംസ്ഥാനത്ത് നടത്തിയിരുന്ന സമൂഹ അടുക്കളകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവ വീണ്ടും തുടങ്ങാനുള്ള മന്ത്രിസഭായോഗ നിർദ്ദേശം നിർദ്ധനരായവർക്ക് ഏറെ സഹായകരമാകും. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യാനുസരണമാകും ഇവ തുടങ്ങുക.
ദുർബല വിഭാഗങ്ങളിൽ നിന്ന് അർഹരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കും. ഭക്ഷണം ആവശ്യമുള്ള കിടപ്പുരോഗികൾ, പാലിയേറ്റീവ് കെയറിലുള്ളവർ, മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുള്ളവർ, പട്ടികജാതി-പട്ടികവർഗ കോളനികളിലുള്ളവർ എന്നിവരെയാകും പ്രധാനമായും ഉൾപ്പെടുത്തുക. തൊഴിൽവകുപ്പുമായി ചർച്ച നടത്തിയ ശേഷമാകും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലുള്ളവർക്ക് ഭക്ഷണമെത്തിക്കുന്ന കാര്യത്തിൽ തീരുമാനം. അഗതിരഹിത കേരളം പദ്ധതിയിലുൾപ്പെട്ടവർ, ഭിക്ഷാടകർ എന്നിവരെയും പരിഗണിക്കും.
പാഴ്സലുകൾ വീട്ടിലെത്തിക്കാനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. സന്നദ്ധപ്രവർത്തകരാകും ഇവ എത്തിക്കുക. അവശ്യഘട്ടങ്ങളിൽ കുടുംബശ്രീക്കാരെയും നിയോഗിക്കും. ലോക് ഡൗൺ കാലത്ത് 14 ജില്ലകളിലായി 1300ഓളം സമൂഹ അടുക്കളകൾ ഉണ്ടായിരുന്നു. ഇതുകൂടാതെ 250ഓളം കുടുംബശ്രീ ജനകീയ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു.
 തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം മന്ത്രിമാർ വിളിക്കും
കൊവിഡ് വ്യാപനം തടയാനും ചികിത്സാക്രമീകരണം ഒരുക്കാനുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം വിളിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലകളിലെ ചികിത്സാ സംവിധാനങ്ങൾ മന്ത്രിമാർ വിലയിരുത്തും. പ്രാഥമിക കരുതൽ ചികിത്സാകേന്ദ്രങ്ങൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തുടങ്ങുക, രോഗികളായവരുടെ വീടുകളിൽ സമൂഹ അടുക്കളകൾ വഴി ഭക്ഷണമെത്തിക്കുക, വാർഡുതല ജാഗ്രതാസമിതികൾ എല്ലാ ആഴ്ചയിലും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാവശ്യമായ ക്രമീകരണമൊരുക്കുക, തദ്ദേശസ്ഥാപന തലത്തിലെ കൊവിഡ് നിരീക്ഷണം ആഴ്ച തോറും നടത്താൻ ക്രമീകരണമൊരുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകും.