
വിഴിഞ്ഞം: വിഴിഞ്ഞം സാമൂഹിക കേന്ദ്രത്തിന് നിർമ്മിക്കുന്ന നാലുനില കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. ജൂണോടെ ഉദ്‌ഘാടനത്തിനു തയ്യാറാകുമെന്നാണ് അധികൃതർ പറയുന്നത്. നാലുനിലകളിൽ ഒന്ന് ഭൂനിരപ്പിനു താഴെയാണ്. ഇവിടെ കുട്ടികൾക്ക് പ്രത്യേകം വാർഡുകൾ ഉണ്ടാകും. കൂടാതെ പ്രസവ മുറി, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ലാബ്, ഫാർമസി സൗകര്യങ്ങൾ എന്നിവ പുതിയ മന്ദിരത്തിൽ സജ്ജീകരിക്കും. ആശുപത്രിപരിസരത്തു പാർക്കിംഗിനും വിശാല സൗകര്യം ഉണ്ടാകും. ഫിഷറീസ് ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ മന്ത്രിസഭ കാലത്ത് 3 നിലകളിലായി ആയിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്. 2018ലാണ് പുതിയ മന്ദിരത്തിന് തറക്കല്ലിട്ടത്. ഇതനുസരിച്ച് 2019 ൽ പണിപൂർത്തിയാക്കാനായിരുന്നു ആദ്യപദ്ധതി.
അദാനി തുറമുഖ കമ്പനി സാമൂഹിക പ്രതിബന്ധത ഫണ്ട് വിനിയോഗിച്ചുള്ള നാലാം നില നിർമാണമാണ് ത്വരിതഗതിയിൽ നടക്കുന്നത്.
ഭൂഗർഭ നില-- പാർക്കിംഗ് സൗകര്യവും ഫാർമസിയും സജ്ജമാക്കും
ഒന്നാം നില -- 5 ഒ.പിയും ലാബും ഉൾപ്പെടും
രണ്ടാം നില-- സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി 36 കിടക്കകളുള്ള വാർഡ്
മൂന്നാം നില-- പ്രസവമുറി കൂടാതെ രണ്ടു ഓപ്പറേഷൻ തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും
6,600 ചതുരശ്ര അടിയുള്ളതാണ് ഓരോ നിലയും
രോഗികൾക്കായി ലിഫ്റ്റ് സൗകര്യവും ഉണ്ടാവും
പദ്ധതിക്കായി അനുവദിച്ചത്--- 7.79 കോടി
ഫിഷറീസ് വകുപ്പ് 4.82 കോടി
അദാനി തുറമുഖ കമ്പനി 2.97 കോടി
നിലവിലെ അവസ്ഥ
പുതിയ മന്ദിര നിർമ്മാണത്തനായി ഇവിടെ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതോടുകൂടി ദുരിതം കൂടി. ചെറിയ മുറികളിലാണ് പരിശോധന ഉൾപ്പെടെ നടക്കുന്നത്. ഒരു മുറിയിൽ തന്നെ ഒന്നിലധികം ഡോക്ടർമാർ പരിശോധന നടത്തേണ്ട ഗതികേട്. സ്ഥലസൗകര്യമില്ലാത്തതിനാൽ ജീവനക്കാരും രോഗികളും തമ്മിലുള്ള ബഹളം പതിവാണ്.
പുതിയ ഡെന്റൽ വിഭാഗത്തിൽ ഉള്ളത് ഒരു സ്പെഷ്യാലിറ്റി ഡോക്ടർ
പ്രസവ വാർഡ് ഉണ്ടെങ്കിലും ഗൈനക്കോളജിസ്റ്റ് ഇല്ല
ഫാർമസിയും ലാബും പ്രവർത്തിക്കുന്നത് ചെറിയ കെട്ടിടത്തിൽ
കണ്ണ് പരിശോധന നടക്കുന്നത് ആഴ്ചയിൽ 3 ദിവസം
കാഴ്ച പരിശോധന ഉണ്ടെങ്കിലും കണ്ണിന്റെ മറ്റ് പരിശോധനകൾക്ക് ഡോക്ടറില്ല