
തിരുവനന്തപുരം: മന്ത്രിയായിരുന്ന ജലീലിന്റെ കേസിൽ ഭരണഘടനാ വിരുദ്ധമെന്നു പറയാത്ത നിയമത്തെ ഇപ്പോൾ ഭരണഘടനാ വിരുദ്ധമെന്നു പറയുന്നത് മുഖ്യമന്ത്റിക്കും ഉന്നതവിദ്യാഭ്യാസ മന്ത്റിക്കും എതിരായ കേസുകൾ നിലനിൽക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ് ഭവനിൽ ഗവർണറെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 164ാം വകുപ്പ് അനുസരിച്ച് ലോകായുക്തയല്ല ഗവർണറാണ് മന്ത്റിയെ മാറ്റണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതെന്ന നിയമ മന്ത്റി പി. രാജീവിന്റെ വാദം നിലനിൽക്കില്ല. ജയലളിത കേസിൽ സുപ്രീം കോടതി ഇക്കാര്യം വ്യക്തമായി ചർച്ച ചെയ്തിട്ടുണ്ട്. 164ാം വകുപ്പ് അനുസരിച്ച് ഗവർണറുടെ അധികാരം പരിമിതമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. മന്ത്റിമാർക്കെതിരെ ക്വോ വാറണ്ടോ ഹർജി നിലനിൽക്കില്ലെന്ന നിയമ മന്ത്റിയുടെ വാദവും തെറ്റാണ്. തമിഴ്നാട് മുഖ്യമന്ത്റിയായിരുന്നപ്പോൾ ജയലളിതയ്‌ക്കെതിരെ ക്വോ വാറണ്ടോ റിട്ടാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ കേസിൽ ജസ്റ്റിസ് ബെറൂച്ചയുടെ വിധിപ്രസ്താവം നിയമമന്ത്റി വായിച്ചുനോക്കണം. സർക്കാരിന്റെ വാദമുഖങ്ങളെല്ലാം ദുർബലമാണ്.
ലോകായുക്തയെ സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വവും 2019ൽ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയനും സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഈ ഓർഡിനൻസ്. കുരയ്ക്കുക മാത്രമല്ല കടിയ്ക്കാൻ അറിയുന്ന കാവൽ നായയാണ് കേരളത്തിലെ ലോകായുക്തയെന്ന് രണ്ട് വർഷം മുമ്പ് അഭിമാനിച്ചിരുന്നയാളാണ് മുഖ്യമന്ത്റി പിണറായി വിജയൻ. എന്നാൽ തനിക്കെതിരെ ലോകായുക്തയിൽ ഒരു കേസ് വന്നപ്പോൾ ആ നായയുടെ പല്ല് ഓർഡിനൻസിലൂടെ ഊരിയെടുക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ പി.എം.എ. സലാം,മോൻസ് ജോസഫ്, എ.എ. അസീസ്, സി.പി. ജോൺ തുടങ്ങിയവരാണ് ഗവർണറെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.
 കൂടിയാലോചന നടന്നില്ലെന്ന് കാനം
ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നതിന് മുമ്പ് മതിയായ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
നിയമസഭ ചേരാൻ ഒരു മാസം മാത്രമുള്ളപ്പോൾ ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടില്ല. ലോകായുക്ത നിയമത്തിലെ 12ഉം 14ഉം വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. ബില്ലായി കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാനാകുമായിരുന്നു. അതിനുള്ള അവസരം നിഷേധിച്ചതായും കാനം പറഞ്ഞു.
അതേസമയം, വിഷയത്തിൽ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികളാരും നിലപാട് വ്യക്തമാക്കിയിട്ടില്ല. സി.പി.ഐ വിയോജിച്ചെങ്കിലും ഗവർണറുടെ നിലപാടിലേക്കും അവർ ഉറ്റുനോക്കുന്നുണ്ട്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചാൽ സി.പി.ഐ സ്വരം കടുപ്പിച്ചേക്കാം.