കാട്ടാക്കട: കേരളത്തിലെ യുവജനങ്ങൾക്കായി വാഗ്ദാനം ചെയ്തിരുന്ന കാർഷിക തൊഴിൽ പദ്ധതി യാഥാർത്ഥ്യമാകുന്നില്ലെന്ന് പരാതി.1996ലാണ് അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ യുവാക്കൾക്കുള്ള പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.ഇതിൽ ആകൃഷ്ടരായി പതിനായിരക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളാണ് ഈ പദ്ധതിയിൽ അംഗങ്ങളായത്.ഇവർക്കാണിപ്പോൾ അടച്ച തുക തിരികെ ലഭിക്കാതെയും മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാകാതെയും ഇരിക്കുന്നത്.

ഒരു ലക്ഷം യുവതീ-യുവാക്കളെയാണ് പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്.18നും 35നും ഇടയിൽ പ്രായമായവർക്ക് അന്ന് പദ്ധതിയിൽ ചേരാമായിരുന്നു.ഒരു ലക്ഷം യുവതീയുവാക്കൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതി എന്ന പേരും പദ്ധതിക്കിട്ടു.18 വയസിൽ പദ്ധതിൽ അംഗത്വമെടുത്തയാൾക്ക് 60 വയസ് പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും തിരികെ ലഭിക്കുകയും തുടർന്ന് മാസം 1000രൂപാവീതം മരണം വരെ ഇവർക്ക് പെൻഷൻ ലഭിക്കും എന്നുമാണ് പ്രഖ്യാപനമുണ്ടായത്.തുടർന്ന് വളരെപ്പെട്ടന്നുതന്നെ ഈ പദ്ധതിയിലേക്ക് യുവാക്കളുടെ ഒഴുക്കായി. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ജനറൽ വിഭാഗത്തിലുള്ളവർക്ക് 1100രൂപയും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് 100 രൂപയുമായിരുന്നു ഫീസ്. പദ്ധതിയിൽ അംഗത്വമെടുക്കാൻ അതത് കൃഷി ഭവനുകളിൽ പണം അടയ്ക്കണമായിരുന്നു.

നിലവിലത്തെ സ്ഥിതി

പദ്ധതിയിൽ ആംഗമായിരുന്ന പലർക്കും 60 വയസ് പ്രായപരിധി കഴിഞ്ഞു. മൂന്ന് വർഷത്തിലേറെയായി പ്രായം കഴിഞ്ഞവർ കൃഷി ഭവനുകളിലും മന്ത്രി ഓഫീസുകളിലും തങ്ങളുടെ ന്യായമായ അവകാശം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകുന്നു. ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് പ്രായപരിധി കഴിഞ്ഞിട്ടും ഇതേവരെ ഒരു ആനുകൂല്യവും ലഭ്യമായിട്ടില്ല.

ആനുകൂല്യത്തിനായി കയറിയിറങ്ങുന്നു

60 വയസ് പ്രായപരിധി കഴിഞ്ഞ ഗുണഭോക്താവ് 2020ൽ ആര്യനാട് കൃഷി ഭവനിൽ അപേക്ഷ നൽകി. വർഷം രണ്ട് പിന്നിട്ടും ഇതേവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. തുടർന്ന് അന്നത്തെ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി. ഇപ്പോൾ കൃഷി വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് നിവേദനങ്ങൾ നൽകി. ഉടൻ ആനുകൂല്യം ലഭിക്കും എന്ന മറുപടി മാത്രമാണുണ്ടായത്.

മറുപടി ഇങ്ങനെ

ഒരു ലക്ഷം യുവതീ യുവാക്കൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം ഗ്രാമീണ മേഖകളിൽ നിരവധി പേർക്ക് പ്രായപരിധിയായ 60 വയസ് പിന്നിട്ടു. ഇവർക്ക് ആനുകൂല്യം ലഭിക്കാൻ അതത് കൃഷി ഭവനുകളുടെ കീഴിലുള്ള പ്രായം കഴിഞ്ഞ ആളുകളുടെ ലിസ്റ്റ് പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളിൽ ചർച്ച ചെയ്ത് ലിസ്റ്റാക്കി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർമാർക്ക് അയച്ചിട്ടുണ്ട്. ഇവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ഇത്തരക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുംമെന്നാണ് കൃഷിഭവൻ ഉദ്യാഗസ്ഥരുടെ മറുപടി.