jan27b

ആറ്റിങ്ങൽ: തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്ക് ആറ്റിങ്ങൽ മാമം പഴയറോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആർ.ടി.ഒയുടെ ഗ്രൗണ്ട് ടെസ്‌റ്റ് നടക്കുന്ന സമയത്ത് ബൈക്ക് മറിഞ്ഞുകിടക്കുന്നത് അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സൂരജ്,​ ധനൽ എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിൽ കരിക്കകം സുലേഖ മൻസിലിൽ മാഹിന്റേതാണ് ബൈക്കെന്ന് തിരിച്ചറിഞ്ഞു.
ആർ.ടി.ഒ ഉദ്യോഗസ്ഥർ ഉടൻതന്നെ ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ വിവരം നൽകി. ബൈക്ക് സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കരിക്കകത്ത് നടന്ന വാഹനാപകടത്തിൽപ്പെട്ട ബൈക്കാണിതെന്ന് പൊലീസ് കണ്ടെത്തി. പേട്ട സ്റ്റേഷന് മുമ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കഴിഞ്ഞദിവസം മോഷണം പോയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബൈക്ക് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.