നെടുമങ്ങാട്: കൊവിഡ് പടരുന്ന സമയത്തും ജനങ്ങൾക്ക് സഹായകമാകേണ്ട നഗരസഭയിലെ രണ്ട് ആംബുലൻസുകളും കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ഈ ആംബുലൻസുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് നിരവധി തവണ കൗൺസിലിൽ ഉന്നയിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ ഈ അനാസ്ഥ കാരണം അത്യാവശ്യഘട്ടത്തിൽ സ്വകാര്യ ആബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. കൗൺസിലർമാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ചാക്കയിലെ ഒരു വർക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അത് നന്നാക്കാനുള്ള അനുമതി നാളിതുവരെ നൽകിയിട്ടില്ല. ഈ നടപടിക്കെതിരെ യു.ഡി.എഫ് സമരം സംഘടിപ്പിക്കുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജിയും കൗൺസിലർ എം.എസ് ബിനുവും അറിയിച്ചു.