
മുടപുരം: അനേക വർഷങ്ങളായി കായലിൽ നിന്ന് ഉപ്പ് വെള്ളം കയറി നെൽകൃഷി നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. കിഴുവിലം പഞ്ചായത്തിലെ മുടപുരം ഏലായിലെയും അഴൂർ പഞ്ചായത്തിലെ ചേമ്പുംമൂല ഏലായിലെയും കർഷകരാണ് പ്രതിഷേധിക്കുന്നത്.
കണ്ടുകൃഷി കുളത്തിൽ നിന്ന് ഏലായിൽ വെള്ളം കയറുന്നതിനായി മുടപുരം ഏലായിലുള്ള കൈത്തോടും പല ഭാഗങ്ങളും ഇടിഞ്ഞു തകർന്നതും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അതിനാൽ ഉപ്പുവെള്ളം കയറാതിരിക്കുന്നതിനും മഴക്കാലത്ത് നെൽപ്പാടത്ത് മുക്കോണി തോടിൽ നിന്ന് വെള്ളം കയറാതിരിക്കുന്നതിനും മുക്കോണി തോടിന്റെ വരമ്പുകൾ നിലവിലുള്ള അഞ്ചര മീറ്റർ വീതിയിൽ പുനർ നിർമ്മിച്ച് ബലപ്പെടുത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഒപ്പം മുടപുരം, ചേമ്പുംമൂല ഏലാകളിലെ കൈത്തോടുകളും പുനർനിർമ്മിക്കണം. എന്നാൽ മാത്രമേ നഷ്ടം വരാതെ ഇരു ഏലാകളിലും നെൽകൃഷി ചെയ്യാൻ കഴിയൂവെന്ന് കർഷകർ പറയുന്നു.