a

 ശമ്പളവും പെൻഷനും മുടങ്ങും

തിരുവനന്തപുരം: കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയിലായതോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കനിവ് കാത്തിരിക്കുകയാണ് അധികൃതർ.

പണമില്ലാത്തതിനെ തുടർന്ന് ജീവനക്കാരുടെ ഡിസംബറിലെ ശമ്പളത്തിന്റെ 70 ശതമാനം മാത്രമേ നൽകാനായുള്ളൂ. മാസത്തിലെ അവസാന പ്രവൃത്തി ദിനമാണ് ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്. എന്നാൽ, ഈ മാസത്തെ ശമ്പളം പൂർണമായി മുടങ്ങുമെന്ന് മാനേജ്മെന്റ് ജീവനക്കാർക്ക് സൂചന നൽകിയതായാണ് വിവരം. എന്നാൽ​ ഇക്കാര്യം ജീവനക്കാരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സ്‌കൂളിന് കേന്ദ്ര സർക്കാർ 3.5 കോടി രൂപ അഡിഷണാലിറ്റി എന്ന പേരിൽ ഓരോ വർഷവും നൽകും. 2021- 22 സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ഇതുവരെ ഇത്തവണത്തെ ഫണ്ട് ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരും സ്‌കൂളിന്റെ നിയന്ത്രണമുള്ള സൈനിക സ്‌കൂൾ സൊസൈറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പിടണം. എന്നാൽ ഇതുവരെ ധാരണപത്രം ഒപ്പിട്ടിട്ടില്ല. പെൻഷൻ ബാദ്ധ്യത ഏറ്റെടുക്കുമെന്നും ധാരണപത്രം ഒപ്പിടുമെന്നും ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്റെ അവസാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഈ ഫയലിപ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെങ്കിലും തുടർനടപടികൾ വൈകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ആക്ഷേപം.

 വരവ് 4.5 കോടി, ചെലവ് 9.5 കോടി


ഫീസ് ഉൾപ്പെടെ ശരാശരി 4.5 കോടി രൂപയാണ് സ്‌കൂളിന്റെ വാർഷികവരുമാനം. എന്നാൽ,​ ശമ്പളവും പെൻഷനുമായി മാത്രമായി 9.5 കോടി വേണം. പ്രതിസന്ധി ഉണ്ടായപ്പോൾ കരുതൽ ഫണ്ടിൽ നിന്ന് തുകയെടുത്താണ് പെൻഷൻ നൽകിയത്. വിദ്യാർത്ഥികളിൽ നിന്നുള്ള ഫീസ് ഉപയോഗിച്ചാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. എന്നാലിപ്പോൾ കരുതൽ ഫണ്ട് 5 കോടിയായി കുറഞ്ഞു. ഇത് ഒരുവർഷത്തേക്ക് മാത്രമേ തികയൂ. ചെലവ് കൂടുമ്പോൾ ഫീസ് വർദ്ധിപ്പിച്ച് സാമ്പത്തിക പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ടെങ്കിലും രക്ഷിതാക്കളുടെ എതിർപ്പ് തടസമാകുന്നു. സ്‌കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്.

അഡിഷണാലിറ്റി ഫണ്ട് - 3.5 കോടി രൂപ

 സ്‌കൂളിനെ ചൊല്ലി തർക്കം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന സ്‌‌കൂൾ 1964ൽ കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു. സ്‌കൂൾ സംസ്ഥാനത്തിന്റേതാണെന്ന് കേന്ദ്രവും കേന്ദ്രത്തിന്റേതാണെന്ന് സംസ്ഥാനവും പറയുന്നു. 605 വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം 80 ജീവനക്കാരുണ്ട്. സൊസൈറ്റിയുടെ ചെയർമാൻ പ്രതിരോധമന്ത്രിയാണ്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരെല്ലാം കേണൽ, ലഫ്. കേണൽ റാങ്കിലുള്ളവരാണ്.

സ്‌കൂളിൽ എൻ.സി.സി സ്‌റ്റാഫ്, പി.ടി സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതും പ്രതിരോധസേനയാണ്. പ്രതിരോധ സേനാംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പും സേന നൽകും.