p

തിരുവനന്തപുരം: പുതിയ ടെൻഡർ വ്യവസ്ഥപ്രകാരം ഇന്ത്യൻ നിമ്മിത വിദേശ മദ്യത്തിന് ഏർപ്പെടുത്തുന്ന ഉയർന്ന കമ്മീഷൻ കുറയ്ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൾക്കഹോളിക് ബീവറേജ് കമ്പനീസ് (സി.ഐ.എ.ബി.സി) സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ടെൻഡർ വ്യവസ്ഥകൾ പ്രകാരം ബ്രാൻഡുകൾ 33 ശതമാനം വരെ സംസ്ഥാന ബീവറേജസ് കോർപറേഷന് കമ്മീഷൻ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 25 ശതമാനം വരെ കാഷ് ഡിസ്‌ക്കൗണ്ടും, എട്ടു ശതമാനം മൊത്ത വ്യാപാരി മാർജിനും അടക്കമാണിത്. ഇത് ന്യായമല്ലെന്ന് സർക്കാരിന് അയച്ച കത്തിൽ സംഘടന ചൂണ്ടിക്കാട്ടി.
രണ്ടു ശതമാനം കാഷ് ഡിസ്‌ക്കൗണ്ടുമായാണ് കെ.എസ്.ബി.സി ഇതിനു തുടക്കം കുറിച്ചത്. പിന്നീട് വിതരണക്കാരോടു ചർച്ച ചെയ്യാതെ 7.5 ശതമാനമായി ഉയർത്തി. കാഷ് ഡിസ്‌ക്കൗണ്ട് ഈടാക്കുകയും സ്​റ്റോക്ക് വി​റ്റഴിച്ച ശേഷം മാത്രം പണം നൽകുകയും ചെയ്യുന്നതും ആശങ്കാകരമാണ്.
ബെവ്കോ 2022-23 വർഷത്തേക്കുള്ള ടെൻഡറിൽ പ്രതിവർഷം 10,000 കെയ്സിൽ കൂടുതൽ വിൽപനയുളള എല്ലാ ബ്രാൻഡുകളിൽ നിന്നും 20 ശതമാനം കാഷ് ഡിസ്കൗണ്ട് ഈടാക്കാനാണ് നീക്കം. വേഗത്തിൽ ചെലവാകുന്ന ബ്രാൻഡുകളുടെ സി.ഡി 7.75 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തുന്നുവെന്നാണ് ഇതിനർത്ഥമെന്നും കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടി.