
മലയിൻകീഴ്: സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യ നിക്ഷേപത്തോടൊപ്പം കൊല്ലം ഇരവിപുരം സ്റ്റേഷനിലെ ഫയൽകോപ്പിയും കണ്ടെത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മേപ്പൂക്കട - താലൂക്ക് ആശുപത്രി റോഡിന് സമീപത്തെ പുരയിടത്തിൽ ലോറിയിൽ മാലിന്യം കൊണ്ടിട്ടത്.
ചാക്കുകളിലും കവറുകളിലുമായാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യത്തോടൊപ്പമുണ്ടായിരുന്ന പേപ്പർ കെട്ടിലാണ് ഇരവിപുരം സ്റ്റേഷനിൽ നിന്നുള്ള വിവിധ ഫയലുകളുടെ കോപ്പി കണ്ടെത്തിയത്. ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റയുടെ കത്ത്, വിജിലൻസ് മെസേജിന്റെ ഫയൽ, കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഇരവിപുരം സ്റ്റേഷനിൽ നിന്ന് നൽകിയ റിപ്പോർട്ട് എന്നിവയുമുണ്ടായിരുന്നു.
മാലിന്യനിക്ഷേപം കാരണം ആശുപത്രിയിലെത്തുന്നവരും സമീപവാസികളും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. നായ്‌ക്കൾ കൂട്ടത്തോടെ മാലിന്യം കടിച്ചെടുക്കാനെത്തുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നു. മാലിന്യം കൊണ്ടുവന്ന ലോറി കണ്ടെത്താൻ മലയിൻകീഴ് - കാട്ടാക്കട റോഡിൽ മേപ്പൂക്കട വരെയുള്ള സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.