തിരുവനന്തപുരം: വിമാനത്താവളത്തിൽ റൺവേക്ക് സമീപമുള്ള പുൽക്കാടിന് എയർപോർട്ട് ഫയർഫോഴ്സ് തീയിട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

വിമാനത്താവളത്തിലെ റൺവേയിൽ വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുമ്പോൾ വിമാനങ്ങൾക്ക് ഭീഷണിയായി റൺവേയിലേക്ക് എത്തുന്ന പക്ഷിക്കൂട്ടങ്ങളെ തുരത്താൻ നിയോഗിച്ചിരിക്കുന്നവർ പടക്കം പൊട്ടിച്ച് എറിയാറുണ്ട്. ഇത് റൺവേക്ക് സമീപമുള്ള പുൽക്കാട്ടിൽ വീണ് തീപിടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അധികൃതരുടെ പ്രത്യേക നടപടി.

കഴിഞ്ഞ ഒരാഴ്ചയായി വിമാനത്താവളത്തിലെ ഫയർഫോഴ്സ് ജീവനക്കാരുടെ നേതൃത്വത്തിൽ വിമാനങ്ങളില്ലാത്തപ്പോൾ കുറ്റിക്കാട് ഇത്തരത്തിൽ തീയിട്ട് നശിപ്പിക്കാറുണ്ട്. എന്നാൽ ഇക്കാര്യമറിയാതെ വിമാനത്താവളത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ പരിഭ്രാന്തരായത്. കാര്യം മനസിലായതോടെ ഒടുവിൽ ആശ്വാസമായി. വിമാനത്താവളത്തിൽ പക്ഷിശല്യം രൂക്ഷമായതിനെ തുടർന്ന് ഇവയെ അകറ്റുന്നതിന് എയർപോർട്ട് അധികൃതർ ബേർഡ് കെയേഴ്സ് എന്ന പേരിൽ ഇരുപതോളം കരാറുകാരെ നിയമിച്ചിരുന്നു. മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റൺവേയുടെ ഭാഗത്ത് വിമാനങ്ങൾ ഇറങ്ങുന്നതും പോകുന്നതുമായ സമയങ്ങളിൽ പക്ഷികളെത്താതിരിക്കാൻ പടക്കമെറിയൽ നടത്തുന്നുണ്ട്.