
പാലോട്: അറവ് - ഹോട്ടൽ മാലിന്യം തള്ളൽ പതിവായതോടെ ഗ്രാമീണ മേഖലയിലെ ജനജീവിതം ദുസ്സഹമായി. ഈ പ്രദേശത്ത് വഴി നടക്കുന്നത് മൂക്കുപൊത്തി മാത്രം. ജനവാസ മേഖലകളെല്ലാം ചീഞ്ഞുനാറുന്നു. പാലോട്ട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശം ഉൾപ്പെടെ മാലിന്യം കുന്നുകൂടുന്നുണ്ട്. പാണ്ഡ്യൻപാറ മുതലുള്ള ജനവാസ മേഖലയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. ഇത് വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് പ്രേരണയാകും. നന്ദിയോട് പഞ്ചായത്തിലെ തന്നെ വലിയ താന്നിമൂടിനു സമീപം മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ
1.തെങ്കാശി റോഡിൽ വഞ്ചുവം മുതൽ വലിയ താന്നിമൂട് വരെ
2. നന്ദിയോട് കാലൻകാവ് മുതൽ പുളിച്ചാമല വരെ
3. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ സുമതിവളവു വരെ
ഒപ്പം കാട്ടുമൃഗങ്ങളുടെ ആക്രമണവും
മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇതുകാരണം ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കും ഹോട്ടലുകൾക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതർ മൗനം പാലിക്കുന്നത് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. മാലിന്യം മറവ് ചെയ്യാൻ മിക്ക കടകൾക്കും സംവിധാനമില്ല. ചാക്കുകളിൽ സംഭരിക്കുന്ന മാലിന്യം രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുപോയി ജനവാസ മേഖലയിലെ റോഡുകളിലും വനങ്ങളിലും തള്ളുന്നു. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്.
പരാതികൾ ഇങ്ങനെ
*പ്രദേശത്ത് രാത്രികാല പട്രോളിംഗ് നടത്തണമെന്ന മുന്നറിയിപ്പ് അവഗണിക്കുന്നു
*പ്രദേശങ്ങളിലെ വഴി വിളക്കുകൾ കത്താത്തതും സാമൂഹ്യ വിരുദ്ധർക്ക് സഹായകമാകുന്നു
* മാലിന്യ നിക്ഷേപം നാട്ടുകാരെ സാംക്രമിക രോഗങ്ങളിലേക്ക് തള്ളിവിടും