വിഴിഞ്ഞം: വീട്ടുകാരോട് പിണങ്ങി നാടുവിട്ട പെൺകുട്ടിയെ മണിക്കൂറുകൾക്കുശേഷം ചെന്നൈയിൽ നിന്ന് കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയായ 14കാരിയെയാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പരാതി ലഭിച്ച ഉടൻ വിഴിഞ്ഞം പൊലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏർവാടി, ആറ്റിൻകര പള്ളി എന്നിങ്ങനെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ മുമ്പ് പോയിട്ടുള്ളതിനാൽ പെൺകുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പൊലീസിന്റെ രണ്ട് ടീമുകൾ രാവിലെ തന്നെ ഈ സ്ഥലങ്ങളിലേക്ക് തിരിച്ചു.

വിഴിഞ്ഞത്തുനിന്ന് ബസിൽ കളിയിക്കാവിളയിലെത്തി അവിടെ നിന്ന് നാഗർകോവിൽ വഴി ചെന്നൈ ഭാഗത്തേക്കുള്ള ബസിൽ കയറിയ പെൺകുട്ടി വൈകിട്ടോടെ ചെന്നൈ ബസ് സ്റ്റാൻഡിലെത്തി. അവിടെനിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞ പെൺകുട്ടി സഹായത്തിനായി ട്രാവൽ ഏജന്റിനെ സമീപിച്ചു. കാര്യങ്ങൾ തിരക്കിയ ഏജൻസി അധികൃതർ വൈകിട്ടോടെ വിഴിഞ്ഞം പൊലീസിൽ വിവരമറിയിച്ചു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി വീഡിയോ കാൾ വഴി കാണാതായ പെൺകുട്ടിയാണെന്ന് ഉറപ്പുവരുത്തി. നേരത്തെ ഏർവാടിയിലെത്തിയ പൊലീസ് സംഘം ചെന്നൈയിലെത്തി കുട്ടിയെ വിഴിഞ്ഞത്തെത്തിച്ചു.