
വിഴിഞ്ഞം: വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ഉൾക്കടലിൽ ഒഴുക്കിൽപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ പട്രോൾ ബോട്ട് സംഘം രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 7ഓടെയാണ് സംഭവം.
വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയ പുല്ലുവിള സ്വദേശികളായ ഫ്രെഡി, സെൽവരാജ്, മറ്റൊരാൾ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കരയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ ഉള്ളിലെത്തിയപ്പോഴാണ് ഇവരുടെ വള്ളത്തിന്റെ എൻജിൻ തകരാറിലായത്.
കരയിൽ വിവരം കൈമാറിയതിനെ തുടർന്ന് കോസ്റ്റൽ എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, എസ്.ഐ പദ്മകുമാർ, എ.എസ്.ഐ സജീവ്കുമാർ, സി.പി.ഒമാരായ ബിബിൻ ബാബു, പ്രവീൺ, കോസ്റ്റൽ വാർഡന്മാരായ തദയൂസ്, സുനിത് എന്നിവരുൾപ്പെട്ട സംഘമാണ് അടിമലത്തുറ സ്വദേശി ഫ്രെഡി എന്ന മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെ രക്ഷിച്ചത്. മത്സ്യത്തൊഴിലാളികളുൾപ്പെട്ട വള്ളത്തെ കെട്ടിവലിച്ച് രാത്രിയോടെ കരയിലെത്തിച്ചു.