തിരുവനന്തപുരം: കരമന സ്റ്രേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മാരക മയക്കുമരുന്നുമായി പിടിയിലായി. കടകംപള്ളി തുടവൂർ കമ്പിക്കകം മുടമ്പിൽവീട്ടിൽ ആകാശാണ് (21) എക്‌സൈസിന്റെ പിടിയിലായത്.

ഈഞ്ചയ്‌ക്കൽ പമ്പ് ഹൗസിന് സമീപത്തു നിന്ന് ബൈക്കിൽ വരികയായിരുന്ന ആകാശ് 100 നിട്രോസൺ ഗുളികകളുമായാണ് പിടിയിലായത്. ഗുളികകൾ വില്പനയ്ക്ക് എത്തിച്ചതാണെന്ന് കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ, മണികണ്ഠൻ നായർ, സി.ഇ.ഒമാരായ സുബിൻ, ഷംനാദ്.എസ്, രാജേഷ്, ശ്രീലാൽ, അഭിഷേക്, ഷാഹിൻ,​ ഡ്രൈവർ അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.