for-i

പാങ്ങോട്: വൈദ്യുതി കമ്പിയിലുരസി ലോറിയിൽ കയറ്റി വന്ന വയ്‌ക്കോലിന് തീപിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. തമിഴ്നാട്ടിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിന് ലോറിയിൽ കയറ്റിവന്ന വയ്‌ക്കോലിനാണ് തീപിടിച്ചത്.

കഴിഞ്ഞ ദിവസം പാങ്ങോട് പഴവിളയ്ക്ക് സമീപം വച്ചായിരുന്നു അപകടം. യാത്രക്കിടെ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിലുരസി തീ പിടിക്കുകയായിരുന്നു. ഇത് അറിയാതെ ലോറി മുന്നോട്ട് പോകുന്നത് കണ്ട് നാട്ടുകാർ ലോറി തടഞ്ഞു നിറുത്തി തീ കെടുത്താൽ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതേസമയം കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് ടാങ്കിൽ വെള്ളവുമായി പോവുകയായിരുന്ന പിക്കപ്പിന്റെ ഡ്രൈവർ നജീം സ്ഥലത്ത് വാഹനം നിറുത്തുകയും സമീപത്തെ സ്‌കൂളിലെ അദ്ധ്യാപകൻ അനീഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോട അടുത്ത വീട്ടിൽ നിന്ന് വൈദ്യുതി ബന്ധമുണ്ടാക്കി പിക്കപ്പിലുണ്ടായിരുന്ന മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായതിനാൽ അവർ മടങ്ങി. പിക്കപ്പ് ഡ്രൈവർ നജീമിന്റെയും അദ്ധ്യാപകനായ അനീഷിന്റെയും സന്ദർഭോചിതമായ ഇടപെടലുകളാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.