വെഞ്ഞാറമൂട്:ബൈക്ക് യാത്രികനായ യുവാവിന്റെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രികയായ യുവതിക്ക് പരിക്ക്. പൊയ്കമുക്ക് ലക്ഷ്മിവിള ശ്രീമാധവത്തിൽ പ്രിൻസിക്കാണ് (34) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് വാമനപുരം കളമച്ചൽ റോഡിൽ മാവേലി നഗറിൽ വച്ചായിരുന്നു സംഭവം. വാമനപുരത്തേക്ക് പോവുകയായിരുന്ന യുവതിയെ എതിർദിശയിൽ നിന്ന് വന്ന ബൈക്ക് യാത്രികൻ അല്പം മുന്നോട്ട് പോയ ശേഷം തിരികെയെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടിയിൽ നിന്ന് തെറിച്ച് വീണ് യുവതിയുടെ കൈകാലുകൾക്കും തലയ്ക്കും സാരമായി പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവിന്റേതെന്ന് കരുതുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.