air-india

എയർ ഇന്ത്യ വിമാനക്കമ്പനി 69 വർഷങ്ങൾക്ക് ശേഷം വീണ്ടും ടാറ്റയുടെ ഉടമസ്ഥതയിലാവുമ്പോൾ വലിയൊരു നീതികേടിന്റെ പ്രായശ്ചിത്തം കൂടിയാണത്. 1932 ഒക്ടോബർ 15ന് ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസാണ് 1953 ആഗസ്റ്റിൽ കേന്ദ്രം ദേശസാത്‌ക്കരിച്ച് കൈവശമാക്കിയത്. 2021 ഒക്ടോബർ എട്ടിനാണ് ടെൻഡറിലൂടെ 18000 കോടി രൂപയ്ക്ക് ടാറ്റ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. എയർഇന്ത്യയുടെ 100 ശതമാനം ഓഹരികളും കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കൈമാറി.

ദേശസാത്ക്കരണം എന്നാൽ കോടികൾ നഷ്ടം വരുത്തി കമ്പനിയെ മുടിക്കുന്ന ഏർപ്പാടാണെന്ന് ജനങ്ങൾ മനസിലാക്കിയത് അനുഭവത്തിൽ നിന്നാണ് . രാജ്യം വളരുന്നത് സർക്കാരിലൂടെ മാത്രമല്ല. സ്വകാര്യമേഖലയ്ക്കും തത്തുല്യമായ പങ്കുണ്ട്. സോഷ്യലിസം സിദ്ധാന്തതലത്തിൽ മനോഹരമാണെങ്കിലും പ്രായോഗികതലത്തിൽ പരാജയമായി മാറിയതിന് ഒട്ടേറെ കാരണങ്ങളുണ്ട്. സർക്കാർ കാര്യങ്ങൾ ചുവപ്പ് നാടയിലൂടെയേ നടക്കൂ. ഒരു നിമിഷം കൊണ്ട് നടക്കേണ്ട കാര്യം ചിലപ്പോൾ ഒരു വർഷം കഴിഞ്ഞാലും നടക്കില്ല. മാത്രമല്ല കമ്പനി നഷ്ടമായാലും ലാഭമായാലും നടത്തിപ്പുകാരെ ബാധിക്കില്ല. അത് നടത്തുന്നത് സർക്കാർ ഉദ്യോഗസ്ഥരാണ്. അവർക്ക് മുടങ്ങാതെ ശമ്പളം ലഭിക്കും. രാഷ്ട്രീയസമ്മർദ്ദത്തിന്റെ ഫലമായി കമ്പനിയുടെ വളർച്ചയെ മുരടിപ്പിക്കുന്ന പല തീരുമാനങ്ങളും എടുക്കേണ്ടിയും വരും. കഴിവും സാമർത്ഥ്യവും പിന്നിലാവും, രാഷ്ട്രീയ സ്വാധീനവും ബന്ധുബലവും പ്രധാന മാനദണ്ഡങ്ങളായി മാറും. അപ്പോഴൊക്കെ ഖജനാവിൽ നിന്ന് പണം നൽകിയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ നിലനിറുത്തുന്നത്. അപ്പോഴാകട്ടെ മികച്ച രീതിയിൽ നടത്തി കമ്പനിയെ മുന്നിലെത്തിക്കാനുള്ള ത്വര നഷ്ടമാവും.

കമ്പനിയെ നയിക്കാൻ സർക്കാർ നിയമിക്കുന്നവരെല്ലാം പ്രാപ്‌തരാകണമെന്നുമില്ല. അവരാകട്ടെ പ്രാപ്‌തിക്കുറവ് മറച്ചുവയ്ക്കാൻ കൂടുതൽ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴിപ്പെടും. അനാവശ്യമായ നിയമനങ്ങളും നടത്തപ്പെടും. ഇതെല്ലാം കമ്പനിയുടെ ഭാരം വർദ്ധിപ്പിക്കും. തൊഴിൽ സംഘടനകൾ കമ്പനിയുടെ വളർച്ചയ്ക്കും തളർച്ചയ്ക്കും ഇടയാക്കുന്ന നിലപാടുകളും മാറിമാറി സ്വീകരിക്കും. ഇതോടൊപ്പം അച്ചടക്കം നഷ്ടമാവുകയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ പോലും നടപടിയെടുക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാവും. എയർ ഇന്ത്യയ്ക്കും അതുതന്നെയാണ് സംഭവിച്ചത്.

വിമാനക്കമ്പനി നടത്തിപ്പ് സർക്കാരിന് പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് സർക്കാർ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുകയും എടുത്താൽ പൊങ്ങാത്ത വിധം കോടികളുടെ കടം വരുത്തിവയ്ക്കുകയും ചെയ്തതിനു ശേഷമാണ് എയർ ഇന്ത്യ വിൽക്കാൻ തയ്യാറായത്. അതേസമയം ടാറ്റ തന്നെ എയർലൈൻസ് നടത്താൻ അനുവദിക്കുകയും അതിന് വേണ്ട അനുകൂല സാഹചര്യം സർക്കാർ സൃഷ്ടിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലാന്നായി അതു വളരുമായിരുന്നു. കഴിഞ്ഞതിനെപ്പറ്റി ഇനി വിലപിച്ചിട്ട് കാര്യമില്ല. 69 വർഷങ്ങൾക്ക് ശേഷമാണെങ്കിലും എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിൽ എത്തിച്ചേർന്നതിനാൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. പുതിയ തളിരും പൂവും ഫലവും വന്ന് എയർ ഇന്ത്യ വളരുന്ന കാലം വരുമെന്ന് നമുക്ക് എന്തുകൊണ്ടും കരുതാം.

ഏറ്റെടുക്കലിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന് ശേഷം പറഞ്ഞത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായി എയർ ഇന്ത്യയെ മാറ്റുമെന്നാണ്. ആ വാക്കുകൾ യാഥാർത്ഥ്യമാക്കാൻ ടാറ്റ ശ്രമിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. കമ്പനി വളരുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരംകൂടി കൈവന്നാൽ അതാണ് യഥാർത്ഥ ദേശസാത്‌കരണം.