1

പൂവാർ: മാലിന്യ നിക്ഷേപവും ഒപ്പം കൈയേറ്റവും കൂടിയായതോടെ നാശത്തിന്റെ വക്കിലാണ് മുട്ടയർ. നെയ്യാറിന്റെ കൈവഴിയായ മുട്ടയാറിനെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നെയ്യാർ കരകവിഞ്ഞപ്പോൾ ദിശമാറി ഒഴുകിയതാകാം മുട്ടയാർ എന്നാണ് പഴമക്കാർ പറയുന്നത്. മുട്ടയാറിന്റെ തീരത്താണ് പുരാതനവും ചരിത്രപ്രസിദ്ധവുമായ അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രം നിലകൊള്ളുന്നത്. അതിനാൽ ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി നടക്കാറുള്ള ആറാട്ട് മുട്ടയാറിലാണ്. നെൽ കൃഷിക്ക് കേൾവികേട്ട വിശാലമായ മുടമ്പിൽ ഏല മുട്ടയാറിനെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. തിരുപുറം ഗ്രാമ പഞ്ചായത്തിലെ പഴയകട മുതൽ പൂവാറിലെ ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽവരെ നീളുന്ന മുട്ടയാറിൻ തീരം അടുത്തകാലംവരെ തെങ്ങും വാഴയും മരച്ചീനിയും പച്ചക്കറികളും വിളയുന്ന കൃഷിയിടങ്ങളായിരുന്നു. കൈപ്പൂരി നെൽപ്പാടങ്ങളും ചകിരിയാറും മുട്ടയാറും ഒരു കാലത്ത് പൂവാറിന്റെ പച്ചപ്പാർന്ന ഭൂപ്രദേശങ്ങളായി നിലകൊണ്ടിരുന്നു. ഇവയെല്ലാം വന്നുചേരുന്നത് നെയ്യാറിന്റെ ഒരേ സംഘമ ബിന്ദുവിൽ തന്നെയാണ്. അവയെല്ലാം ഇന്ന് ഉപയോഗശൂന്യമായ തരിശുനിലങ്ങളായി മാറായിട്ടുണ്ട്.

ഒഴുക്ക് നിലച്ചിട്ട് വർഷങ്ങൾ

മുട്ടയാറിൽ നീരൊഴുക്ക് കുറയുമ്പോൾ മലിനജലം കെട്ടിക്കിടക്കും. കൂടാതെ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതും കാണാനാകും. ഇതു കാരണം കൊതുക് ജന്യ രോഗങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. മുട്ടയാർ നെയ്യാറിൽ കൂടിച്ചേരുന്നിടത്ത് ബണ്ട് റോഡിന് കുറുകെ രാജഭരണകാലത്ത് നിർമ്മിച്ച 3 ഷട്ടറുള്ള കലിങ്കുണ്ട്. ഇതിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ നീരൊഴുക്കുള്ളത്. മഴക്കാലത്ത് നെയ്യാറിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും കടലിൽ വേലിയേറ്റം ഉണ്ടാകുമ്പോഴും മുട്ടയാറിൽ വെള്ളം കയറി കൃഷി നശിക്കാതിരിക്കാനാണ് പണ്ടുകാലത്ത് ഷട്ടറുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ അവയെല്ലാം തുരുമ്പിച്ച് പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി.

2015ൽ പ്രദേശവാസികളുടെ ശ്രമഫലമായി മുട്ടയാർ മലിന്യ മുക്തമാക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 2.5 ലക്ഷം രൂപ നാട്ടുകാർ സംഭാവനയായി ശേഖരിച്ചാണ് മുട്ടയാർ സംരക്ഷണ യജ്ഞം നടത്തിയത്.

തൊഴിലുറപ്പ് തൊഴിലാളികൾ 1 ലക്ഷം രൂപയ്ക്ക് ആനുപാതികമായ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ബണ്ട് റോഡിലെ കലുങ്കിന് സമീപം വൃത്തിയാക്കി. കൂടാതെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലും നവീകരണം നടന്നെങ്കിലും പ്രദേശമാകെ വീണ്ടും കാട് മൂടി

ഫണ്ട് റെഡി

ക്ഷേത്രക്കടവ് നവീകരിക്കുന്നതിന് എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനം നടന്നുകഴിഞ്ഞു. ക്ഷേത്രക്കടവിന്റെ പണി പൂർത്തീകരിക്കുന്നതോടൊപ്പം മുട്ടയാറിന്റെ നവീകരണവും നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.