തിരുവനന്തപുരം: കൊവിഡ് മൂന്നാം വ്യാപനത്തിൽ തലസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു.സി കാറ്റഗറിയിലായ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും ഓഫീസുകളിലെ രോഗബാധയ്ക്ക് കുറവൊന്നുമില്ല. ഓഫീസുകളടക്കം നിലവിൽ ജില്ലയിലെ കൊവിഡ് ക്ളസ്‌റ്ററുകളുടെ എണ്ണം നൂറ് കവിഞ്ഞിട്ടുണ്ട്. വികാസ് ഭവൻ,അഗ്രികൾചറൽ ഡയറക്ടറേറ്റ്,​ഫോറസ്‌റ്റ് ഹെഡ്ക്വാർട്ടേഴ്സ്,​ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,​സെൻട്രൽ ജയിൽ എന്നിവിടങ്ങളിലെല്ലാം ക്ളസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ക്ളസ്റ്ററുകളായതിനാൽ ഇവിടങ്ങളിൽ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നത്.സെക്രട്ടേറിയറ്റിൽ എണ്ണൂറോളം പേർ കൊവിഡ് ബാധിതരാണെങ്കിലും ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ഇ ഓഫീസ് സംവിധാനം അപ്ഗ്രേഡ് ചെയ്യുന്ന പണി തുടരുന്നതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയുള്ളതിനാൽ ഭൂരിപക്ഷം ജീവനക്കാരും ഓഫീസുകളിലെത്തുന്നുണ്ട്. അതേസമയം,​വികാസ് ഭവൻ,​പബ്ളിക്ക് ഓഫീസ് തുടങ്ങിയ സെക്രട്ടേറിയറ്റിന് പുറത്തെ ഓഫീസുകളിലെ സ്ഥിതി മറിച്ചാണ്. ജീവനക്കാർ കൊവിഡ് ബാധിതരായതിനാൽ ഇവയുടെ പ്രവർത്തനം ഏറക്കുറെ താളം തെറ്റിയ നിലയിലാണ്.

അഗ്രികൾച്ചറൽ ഡയറക്ടറേറ്റിൽ 35 പേർ കൊവിഡ് ബാധിതരായപ്പോൾ ഇക്കണോമിക്‌സ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്സ് വകുപ്പിൽ 27 പേരാണ് രോഗബാധിതരായത്.ജില്ലയിൽ 72 സജീവ ക്ളസ്‌റ്ററുകളാണുള്ളത്. ഇതിൽ പകുതിയിലേറെയും സർക്കാർ ഓഫീസുകളോ മറ്റ് സ്ഥാപനങ്ങളോ ആണ്.വിദ്യാഭ്യാസ,​അക്കാഡമിക് മേഖലയിലുണ്ടായ ക്ളസ്‌റ്ററുകളെ മറികടക്കുന്ന വ്യാപനമാണ് സർക്കാർ ഓഫീസുകളിൽ.അതേസമയം,​സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള കൊവിഡ് ക്ളസ്‌റ്ററുകൾക്ക് അയവ് വന്നിട്ടുണ്ട്.എന്നാൽ,കൊവിഡിന്റെ വേഗത്തിലുള്ള വ്യാപനം ഇപ്പോഴും ആശങ്കയായി അവശേഷിക്കുന്നു.ആരോഗ്യ സ്ഥാപനമായ റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താ‌ൽമോളജിയിലും രോഗവ്യാപനം രൂക്ഷമാണ്.54 ജീവനക്കാർക്കും ഒമ്പത് വിദ്യാർത്ഥികളും ഉൾപ്പെടെ 63 പേർ രോഗബാധിതരായിട്ടുണ്ട്.തമ്പാനൂരിലെ സെൻട്രൽ പ്രസിൽ 40 പേർക്കാണ് കൊവിഡ് ബാധിച്ചത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് സൂചന.ഇതോടൊപ്പം വൃദ്ധസദനങ്ങളും ക്ളസ്റ്ററുകളാകുന്ന സ്ഥിതിയുണ്ട്.കല്ലിയൂരിലെ ഒരു വൃദ്ധസദനത്തിൽ 10 പേരിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.സാമൂഹ്യനീതി വകുപ്പിന് കീഴിൽ പുലയനാർകോട്ടയിലെ വൃദ്ധസദനത്തിൽ 14 പേർക്കാണ് രോഗം ബാധിച്ചത്.