
ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ മാത്രമല്ല സംഘടിത മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നിലയിൽ കൂടിയാണ് ഇന്ത്യൻ റെയിൽവേയുടെ പെരുമ. പതിനഞ്ച് ലക്ഷത്തോളം പേർ അവിടെ തൊഴിലെടുക്കുന്നു എന്നത് അഭിമാനകരമാണ്. ഏതാനും വർഷങ്ങളായി റെയിൽവേയിൽ റിക്രൂട്ട്‌മെന്റ് നടപടികൾ മന്ദഗതിയിലാണ്. ഒഴിവുകൾ നികത്തുന്നതിനു പകരം ഉള്ളവരെ വച്ച് എങ്ങനെയെങ്കിലും മുന്നോട്ടു നീങ്ങുന്നതാണ് നയം. മൂന്നുവർഷം മുൻപ് നോൺ ടെക്നിക്കൽ വിഭാഗങ്ങളിലെ മുപ്പത്തയ്യായിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നിയമന നടപടികൾ നടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ബീഹാറിലും യു.പിയിലും റെയിൽവേയ്ക്കതിരെ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധവും കലാപവും യുവാക്കൾക്കിടയിലെ രോഷം വ്യക്തമാക്കുന്നു. റിക്രൂട്ട്‌മെന്റിലെ കാലതാമസത്തിനു പുറമേ നടപടിക്രമങ്ങളിൽ മുന്നറിയിപ്പില്ലാതെ വരുത്തിയ മാറ്റമാണ് ഉദ്യോഗാർത്ഥികളെ കലാപത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ബീഹാറിൽ അവർ വലിയ തോതിൽ അക്രമാസക്തരായി. ട്രെയിൻ കത്തിക്കുകയും റെയിൽവേയുടെ സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന ഘട്ടമെത്തിയപ്പോൾ റിക്രൂട്ട്‌മെന്റ് നടപടികൾ നിറുത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരായി. വിഷയം പഠിക്കാൻ അഞ്ചംഗ സമിതിയെയും നിയോഗിച്ചു. ശേഷവും പ്രതിഷേധം ശമിച്ചിട്ടൊന്നുമില്ല. ബന്ദ് ഉൾപ്പെടെയുള്ള സമരപരിപാടികൾ തുടരുകയാണ്.
റെയിൽവേയിലെ താഴ്‌ന്ന വിഭാഗങ്ങളിലെ 35000 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചപ്പോൾ ഒന്നേകാൽ കോടിയിൽപ്പരം പേരാണ് പരീക്ഷയെഴുതാൻ മുന്നോട്ടുവന്നത്. രാജ്യത്തെ തൊഴിൽരഹിതരുടെ ചെറിയൊരു ശതമാനമാണിത്. ഏകദേശം ഒന്നേകാൽകോടി പേർ പരീക്ഷയെഴുതിയതിൽ ഏഴുലക്ഷം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി അടുത്തഘട്ടം പരീക്ഷ നടത്താനൊരുങ്ങിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. രണ്ടാംഘട്ട പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളെ നേരത്തെ അറിയിച്ചിരുന്നില്ല. പ്രതിഷേധത്തിനും കലാപത്തിനും വഴിമരുന്നിട്ടത് ഈ ഘടനാ മാറ്റമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതു റിക്രൂട്ട്‌മെന്റുകളിൽ തങ്ങൾ തഴയപ്പെടുന്നുവെന്ന പരാതി ബീഹാറിലും യു.പിയിലും ശക്തമാണ്. ആ വികാരത്തിന് തീകൊളുത്തുന്നതായി റെയിൽവേയുടെ നടപടി. ഏതായാലും പരീക്ഷ മരവിപ്പിക്കുകയും വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തതിലൂടെ ഉദ്യോഗാർത്ഥികൾക്ക് നീതികിട്ടുമെന്ന് കരുതാം.
പുതിയ തൊഴിലവസരങ്ങൾ കാര്യമായി വർദ്ധിക്കുന്നില്ലെന്നതാണ് തൊഴിൽരഹിതർക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവിലെ തൊഴിലവസരങ്ങൾ കൂടി ഗണ്യമായി കുറയുന്ന പ്രവണതയുമുണ്ട്. രണ്ടുവർഷമായി തുടരുന്ന മഹാമാരി ലക്ഷക്കണക്കിനു പേരെയാണ് തൊഴിൽരഹിതരാക്കിയത്. റെയിൽവേ, ബാങ്ക്, ഇൻഷ്വറൻസ് കമ്പനികൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയ സംഘടിത മേഖലകൾ റിക്രൂട്ട്‌മെന്റ് വെട്ടിച്ചുരുക്കിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമായിട്ടുണ്ട്. റെയിൽവേയിൽ രണ്ടുലക്ഷത്തോളം ഒഴിവുകളുണ്ടായിട്ടും റിക്രൂട്ട്‌മെന്റുകൾ നടക്കുന്നില്ല. പതിനായിരക്കണക്കിന് അഭ്യസ്തവിദ്യർക്ക് ആശ്രയമായിരുന്ന ബി.എസ്.എൻ.എൽ തുടങ്ങിയ വലിയ സ്ഥാപനങ്ങളും കുറെനാളായി റിക്രൂട്ട്‌മെന്റ് നിറുത്തിവച്ചിരിക്കുകയാണ്. വ്യവസായമേഖല വളർന്ന് വികസിച്ചാലേ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമുണ്ടാകൂ. നിലവിലെ സാഹചര്യങ്ങൾ അതിനെ വലിയ തോതിൽ സഹായിക്കുന്നതുമല്ല എന്നതാണ് യാഥാർത്ഥ്യം. ഉള്ള ഒഴിവുകൾ സമയബന്ധിതമായി നികത്താൻ സർക്കാരുകളും സ്ഥാപനങ്ങളും തയ്യാറാകേണ്ടിയിരിക്കുന്നു. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഈ നിലയിൽ തുടരുന്നത് ഒട്ടേറെ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. നിരാശ വളരുമ്പോഴാണ് യുവജനങ്ങൾ പലപ്പോഴും തെറ്റായ വഴികൾ തിരഞ്ഞെടുക്കുന്നത്. പഴയ കലാപത്തിലേക്കൊരു മടങ്ങിപ്പോക്ക് ഒരിക്കലും അനുവദിക്കരുത്. ഉദ്യോഗാർത്ഥികളെ കൃമികീടങ്ങളെപ്പോലെ കരുതി കാലത്തിനു നിരക്കാത്ത നടപടികളുമായി നീങ്ങുന്ന ഉദ്യോഗസ്ഥ മേധാവികളെ തിരുത്തേണ്ടത് സർക്കാരാണ്. ബീഹാറിലും യു.പിയിലും റെയിൽവേക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം ആളിപ്പടരാൻ ഇടയാക്കരുത്.