land

തിരുവനന്തപുരം: വസ്തു തരംമാറ്റത്തിനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക നടപടികൾ തുടങ്ങി. എല്ലാ ആർ.ഡി.ഒ ഓഫീസുകളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. ഓരോ ആഴ്ചയിലെയും പ്രവർത്തന പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. റവന്യൂമന്ത്രി തന്നെ തീർപ്പാക്കൽ പുരോഗതി നേരിട്ട് നിരീക്ഷിക്കും.

ഏറ്റവുമധികം അപേക്ഷകൾ കെട്ടിക്കിടക്കുന്ന ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിലേക്ക് 20 ജീവനക്കാരെ അധികമായി വിന്യസിച്ചത് മന്ത്രി ചൂണ്ടിക്കാട്ടി.

ഭൂമിതരംമാറ്റാൻ ഒന്നര ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും ഇപ്പോഴത്തെ അവസ്ഥയിൽ മൊത്തം തീർപ്പാക്കാൻ പതിനഞ്ച് വർഷമെങ്കിലും വേണ്ടിവരുമെന്നും ജനു. 26ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഭൂമി തരംമാറ്റാൻ പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വ്യത്യാസമില്ലാതെ ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് മതിയെന്ന ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുന്നത് പുതിയ അപേക്ഷകർക്ക് മാത്രമായി ചുരുങ്ങി. നേരത്തെ ഈ മൂന്നുമേഖലയിലും വ്യത്യസ്ത നിരക്കായിരുന്നു. അത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി കോർപ്പറേഷൻ പരിധികളിൽ ഫീസ് ഏകീകരിച്ച് സർക്കാർ ഭേദഗതി കൊണ്ടു വന്നത്. എന്നാൽ,

2021 ഫെബ്രുവരി 25ന് ഉത്തരവ് ഇറങ്ങിയശേഷം നൽകിയ അപേക്ഷകൾക്ക് മാത്രമാണ് ആനുകൂല്യം അനുവദിച്ചത്.

2008ന് മുമ്പ് നികത്തിയതിന് തരംമാറ്റൽ അനുവദിച്ചുകൊണ്ട് നിയമം വന്നത് 2017ലാണ്. അന്നുമുതൽ 2021 ഫെബ്രുവരി 24വരെ അപേക്ഷിച്ചവർക്കാണ് ഏകീകൃത ഫീസ് ആനുകൂല്യം കിട്ടാതെപോയത്.

.........................................

പുതിയ ഫീസ്

25 സെന്റു വരെ: ഫീസ് ഇല്ല

25-100 സെന്റ് :മതിപ്പുവിലയുടെ 10%

01ഏക്കറിൽ കൂടുതൽ: മതിപ്പുവിലയുടെ 20%

(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിൽ ഒരേ നിരക്ക് )

..................................................

`2021 ഫെബ്രുവരിക്ക് മുമ്പുള്ള അപേക്ഷകർക്ക് ഫീസ് ഇളവ് നൽകാനാവില്ല. അവർക്കുകൂടി ഇളവ് നൽകാമെന്ന് റവന്യുവകുപ്പ് നിർദ്ദേശിച്ചെങ്കിലും നിയമവകുപ്പിന്റെ അനുമതി കിട്ടിയില്ല.'

-കെ.രാജൻ,

റവന്യു മന്ത്രി