
തിരുവനന്തപുരം: ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി വരുത്തുന്നത് മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ കേസുകൾ ഫെബ്രുവരി ആദ്യം പരിഗണിക്കുന്നത് മുന്നിൽക്കണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ നിന്ന് ഇരുവരെയും രക്ഷിക്കാനാണ് നിയമസഭ തള്ളിക്കളഞ്ഞ വകുപ്പ് പിൻവാതിലിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസ് വന്നപ്പോഴാണ് 22 വർഷമായി സി.പി.എം പറയാത്ത ഭരണഘടനാവിരുദ്ധത പറയുന്നത്.
സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ ഓർഡിനൻസിന് പിന്നിലെ ദുരൂഹത വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ കാനത്തിന് ആദ്യം മറുപടി നൽകണം. സെക്രട്ടറിമാർ തമ്മിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയിലോ ഇടതു മുന്നണിയിലോ കാബനറ്റിലോ ചർച്ച ചെയ്യാതെയാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.
ലേഖനത്തിൽ കോടിയേരി പറയുന്ന ഒരു കാര്യത്തിനും നിയമപരമായ അടിത്തറയില്ല. സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഭരണഘടനാപരമായ കാര്യങ്ങളൊന്നും നിലനിൽക്കുന്നതല്ല. നിയമ മന്ത്രി ഉയർത്തുന്ന പ്രതിരോധങ്ങളും നിലനിൽക്കില്ല. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനുള്ള അധികാരം മന്ത്രിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഭരണഘാടനാ വിരുദ്ധമെന്നു കോടതി പറഞ്ഞാൽ പ്രതിപക്ഷവും അംഗീകരിക്കാം. 2019ൽ ചിന്തയിൽ എഴുതിയ ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽനായയാണ് ലോകായുക്തയെന്നാണ് പിണറായി വിജയൻ അഭിമാനം കൊണ്ടത്. തനിക്കെതിരെ കേസ് വന്നപ്പോൾ പല്ലും നഖവും പിഴുതെടുക്കാൻ തീരുമാനിച്ചു. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരത്തിലും ധാർഷ്ട്യത്തിലും എന്തും ചെയ്യാമെന്ന പ്രഖ്യാപനമാണ് നിയമ ഭേദഗതി.
1999ൽ ലോകായുക്ത നിയമം പാസാക്കിയപ്പോൾ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടിട്ടുണ്ട്. അത്തരമൊരു നിയമത്തിൽ കാതലായ ഭേദഗതി വരുത്തുമ്പോൾ അതും രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം. 2013ൽ ലോക്പാൽ ബിൽ പാർലമെന്റ് പാസാക്കിയിട്ടുണ്ട്. ആ നിയമത്തിന് അനുബന്ധമായ ലോകായുക്ത നിയമത്തിന് ഭേദഗതി കൊണ്ടുവരുമ്പോൾ അത് കേന്ദ്ര നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടത് രാഷ്ട്രപതിയാണ്. ഇക്കാര്യങ്ങൾ യു.ഡി.എഫ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
ഭേദഗതി അംഗീകരിക്കില്ലെന്ന് മുരളീധരൻ
ലോകായുക്ത ഓർഡിനൻസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തള്ളി കെ.മുരളീധരൻ എംപി. ലോകായുക്ത നിയമത്തിൽ ഒരു ഭേദഗതിയും അംഗീകരിക്കുന്നില്ലെന്നും, കെ.പി.സി.സിയിൽ ഇത്തരമൊരു ചർച്ചയുണ്ടായിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കൂടിയാലോചിക്കാതെയാണ് വി.ഡി.സതീശന്റെ നിലപാട്. നിയമത്തിൽ മാറ്റം വരുത്താനാകില്ല. . ഗവർണർക്ക് ഇക്കാര്യത്തിൽ റോൾ കൊടുക്കുന്നത് ശരിയല്ല . ഗവർണർ അപ്പപ്പോൾ നിലപാട് മാറ്റുന്ന ആളാണ്. അദ്ദേഹം പൂർവ്വാശ്രമത്തിലും ശരിയല്ല. ഇപ്പോഴും ശരിയല്ല. ഒരുപാട് പാർട്ടി മാറി വന്നയാളാണ് . ലോകായുക്ത ഓർഡിനൻസിനെ ആവശ്യമെങ്കിൽ നിയമപരമായി കോൺഗ്രസ് നേരിടുമെന്നും മുരളീധരൻ പറഞ്ഞു.
ഓർഡിനൻസ് പലതും മറയ്ക്കാൻ
മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ നിയമസഭ ചേരാൻ തീരുമാനിച്ചിരിക്കെ തിടുക്കത്തിൽ ലോകായുക്തയിൽ ഓർഡിനൻസ് കൊണ്ടുവന്നത് പലതും മറയ്ക്കാനാണെന്ന് കെ. മുരളീധരൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മടിയിൽ കനമുള്ളവനു മാത്രമേ വഴിയിൽ ഭയക്കേണ്ടതുള്ളൂ എന്നാണ് ചൊല്ല്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മടിയിൽ കനമുള്ളതുകൊണ്ടാണ് തിടുക്കത്തിൽ ഈ നടപടിയെടുത്തത്. നിയമത്തിൽ മാറ്റം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തെകൂടി വിശ്വാസത്തിലെടുത്ത് ചർച്ച നടത്തുകയാണ് ചെയ്യേണ്ടിയിരുന്നത്.
കാസർകോട്ടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയത് ഗുരുതര നിയമലംഘനമാണ്. തലകീഴായി ഉയർത്തിയ കൊടിയെ നോക്കി സല്യൂട്ട് ചെയ്യുമ്പോൾ അതു ശരിയായ രീതിയിലാണോ കെട്ടിയതെന്നു തിരിച്ചറിയാൻ കഴിയാതെ പോയ അദ്ദേഹം മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. തെറ്റ് മനസിലാക്കി ഒന്നുകിൽ മന്ത്രി പരസ്യമായി മാപ്പുപറയണം. അല്ലെങ്കിൽ രാജിവയ്ക്കണം.
കൊവിഡിന്റെ രണ്ട് തരംഗങ്ങളിലും സ്വീകരിച്ചിരുന്ന മുൻകരുതലുകളൊന്നും ഇപ്പോഴില്ല. രോഗികളെ വിധിക്ക് വിട്ട് സർക്കാർ കാഴ്ചക്കാരാകുകയാണ്. രോഗികളെ ചികിത്സിക്കുന്ന സി.എഫ് എൽ.ടി.സികൾ നിലവിലില്ല. ലക്ഷണമുള്ളവരെ പരിശോധിച്ച് രോഗനിർണയിക്കാനുള്ള സംവിധാനം പോലും ഇല്ലാതായി. ലക്ഷണമുള്ളവരെ വീടുകളിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിദിനം അരലക്ഷത്തിൽ കൂടുതൽ രോഗികളുള്ള കേരളത്തിൽ സൗജന്യ കിറ്റ് പുനഃസ്ഥാപിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.