
തിരുവനന്തപുരം: എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും കമ്മ്യൂണിസ്റ്റ് സൈബർ ഗുണ്ടകളെ അഴിച്ചുവിട്ട് ആക്രമിച്ച് ഒതുക്കാമെന്ന് സി.പി.എം നേതൃത്വം കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിൽവർലൈനിനെതിരെ നിലപാടെടുത്ത ഇടത് ബുദ്ധിജീവികളെയടക്കം സി.പി.എം സൈബർ ഗുണ്ടകൾ വളഞ്ഞിട്ടാക്രമിക്കുകയാണ്. സി.പി.എം നേതൃത്വത്തിന്റെ പൂർണ അറിവോടെയാണ് സാംസ്‌കാരികപ്രവർത്തകർ അപമാനിക്കപ്പെടുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട നാൽപ്പത് പേർ സിൽവർ ലൈൻ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. ഇതിൽ സച്ചിദാനന്ദൻ ഉൾപ്പെടെ 80 ശതമാനം പേരും ഇടതു സഹയാത്രികരാണ്.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കേസ് നടത്താൻ പ്രോസിക്യൂഷന് കഴിയുന്നില്ല. പ്രോസിക്യൂട്ടർ മാറണമെന്ന് ആവശ്യപ്പെട്ടിട്ടും പകരം ആളെ നിയമിക്കാൻ സർക്കാർ തയാറായിട്ടില്ല. മധുവിന്റെ സഹോദരിയെയും അമ്മയെയും പ്രതികളുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ പരസ്യമായി ശ്രമിക്കുന്നുണ്ടെന്ന് കുടുംബം പരാതിപ്പെട്ടിട്ടും നടപടിയില്ല.
പെരിയ കേസിലെ കൊലയാളികളായ പാർട്ടിക്കാരെ സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്ന് കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടു വന്ന സർക്കാർ, മധുവിന്റെ കേസ് നടത്താൻ തയാറാകാത്തത് അപമാനമാണ്. പ്രോസിക്യൂട്ടറെ നിയമിച്ച് കേസ് നടത്താനും മധുവിന്റെ കുടുംബത്തെ സംരക്ഷിക്കാനും സർക്കാർ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.